ജയ്ഷ് ഇ മുഹമ്മദ് തലവന്‍ പാകിസ്ഥാനില്‍ തന്നെ; സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി, കടുത്ത രോഗം കാരണം മസൂദ് അസര്‍ കഴിയുന്നത് വീട്ടില്‍ തന്നെയെന്നും വെളിപ്പെടുത്തല്‍

ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ തന്നെയെന്ന് ഔദ്യോഗികമായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി സ്ഥിരീകരിച്ചു. പക്ഷേ മസൂദ് അസറിനെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കണമെങ്കില്‍ ഇന്ത്യ തെളിവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മസൂദ് പാകിസ്ഥാനിലുണ്ടെന്നാണ് തന്റെ അറിവ്. അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാണ്. അതു കാരണം മസൂദ് അസറിന് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നാണ് വിവരം. ഇക്കാര്യം സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഷാ മെഹമൂദ് ഖുറേഷി പറഞ്ഞത്.

പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ജയ്ഷ് ഇ മുഹമ്മദാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍, ബുധനാഴ്ച ഇന്ത്യ പാകിസ്ഥാന്  നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അസറിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇന്ത്യ പാകിസ്ഥാനിലെ കോടതികള്‍ അംഗീകരിക്കുന്ന തെളിവ് നല്‍കണമെന്ന വാദമാണ് ഷാ ഉന്നിയിച്ചത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ ആഗോള യാത്രാവിലക്കും സ്വത്തുക്കള്‍ മരവിപ്പിക്കലും ആയുധ വിലക്കും നേരിടേണ്ടി വരും.