അഭ്യൂഹങ്ങൾക്ക് മറുപടി, ജാക് മാ തിരിച്ചെത്തി; നാല് മാസത്തിന് ശേഷം വീണ്ടും പൊതുവേദിയിൽ

നാല് മാസത്തെ അജ്ഞാതവാസത്തിനൊടുവിൽ ചൈനീസ് കോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മാ പൊതുവേദിയിൽ പ്രത്യക്ഷനായി.

ചൈനീസ് സർക്കാരുമായി ഇടഞ്ഞ ജാക്ക് മായെ കാണാനില്ലെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് വീഡിയോ സന്ദേശത്തിലൂടെ ജാക് മാ രം​ഗത്തെത്തിയത്.

‘ഈ പകർച്ചവ്യാധി കഴിഞ്ഞാൽ നമ്മൾ വീണ്ടും കാണും’ എന്നാണ് ജാക്ക് മാ വീഡിയോയിൽ പറയുന്നത്. ചൈനയിലെ ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുമായുള്ള വീഡിയോ മീറ്റിംഗിലാണ് ജാക്ക് മാ ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച്ചയായിരുന്നു വീഡിയോ സന്ദേശം. സർക്കാർ പിന്തുണയുള്ള വാർത്ത വെബ്‌സൈറ്റായ ഷെയിജിയാംഗ് ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് സർക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ്, ആലിബാബ എന്ന വമ്പൻ ഓൺലൈൻ കമ്പനിയുടെ സ്ഥാപകനായ ജാക് മാ പെട്ടെന്ന് പൊതുരംഗത്തു നിന്ന് അപ്രത്യക്ഷനായത്.