സ്‌ഫോടനത്തിന് പിന്നില്‍ യുവതി; നീചമായ ആക്രമണമെന്ന് എര്‍ദോഗന്‍; മരണം ഉയരുന്നു; ദൃശ്യങ്ങള്‍ വിലക്കി തുര്‍ക്കി

തുര്‍ക്കിയിലെ ഇസ്തംബുള്‍ നഗരത്തില്‍ സ്‌ഫോടനം നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി. സ്‌ഫോടനം നടത്തിയത് ഒരു യുവതിയാണെന്നും ഇവര്‍ കസ്റ്റഡിയിലുണ്ടെന്നും തുര്‍ക്കി ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിങ്ങിനിന്ന സ്ഥലം നോക്കിയാണ് സ്‌ഫോടനം ഉണ്ടായത്. പിടിയിലായ യുവതി 45 മിനിട്ടോളം ആ പ്രദേശത്ത് ഉണ്ടായിരുന്നു.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) ആണ് ബോംബ് ആക്രമണത്തിന് പിന്നിലെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു വെളിപ്പെടുത്തി. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ഇസ്തിക്ലല്‍ അവന്യൂവില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെയുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. 81 പേര്‍ക്കാണ് പരുക്കേറ്റത്. നാലു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. സ്‌ഫോടനമുണ്ടായതോടെ കടകള്‍ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

നടന്നത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും വ്യക്തമാക്കി. ഇന്റലിജന്‍സ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍, സ്‌ഫോടനത്തിനു പിന്നില്‍ ഒരു സ്ത്രീയുടെ പങ്കുണ്ടെന്നു കരുതുന്നെന്നും നീചമായ ആക്രമണമാണെന്നും എര്‍ദോഗന്‍പറഞ്ഞു. സ്‌ഫോടനത്തിന്റെ വിഡിയോകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതു തുര്‍ക്കി വിലക്കിയിട്ടുണ്ട്.

ഒരു സ്ത്രീ നടത്തിയ ഭീകരാക്രമണമാണെന്ന് തുര്‍ക്കിലേതെന്ന് വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേയും വ്യക്തമാക്കി. ‘നീചമായ ആക്രമണം, ‘ഭീകരതയുടെ ഗന്ധം’ അന്തരീക്ഷത്തിലുണ്ടെന്നും അദേഹം പറഞ്ഞു. സ്ഫോടനം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഒരു സ്ത്രീ 40 മിനിറ്റിലധികം സ്ഥലത്തെ ബെഞ്ചില്‍ ഇരുന്നുവെന്ന് നീതിന്യായ മന്ത്രി ബെക്കിര്‍ ബോസ്ദാഗ് തുര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.