കൊറോണ; യാത്ര ഒഴിവാക്കാനും കൈ കഴുകാനും തീവ്രവാദികളോട് ആവശ്യപ്പെട്ട് ഐ.എസ്

കൊറോണ വൈറസ് പകർച്ചവ്യാധി ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ലോകമെമ്പാടുമുള്ള തീവ്രവാദികൾക്കായി അൽ-നബയിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വാർത്താക്കുറിപ്പിൽ നിർദ്ദേശങ്ങൾ നൽകി.

എല്ലായ്പ്പോഴും, അർദ്ധരാത്രിയിൽ ഉറക്കമുണർന്നാലും കൈ കഴുകണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോട് ആവശ്യപ്പെട്ടിട്ടുള്ളതായി ഒരു റിപ്പോർട്ടിൽ പറയുന്നു.

രോഗികളായ ആളുകളിൽ നിന്ന് മാറി നിൽക്കാനും കൈ കഴുകാനും ദുരിതബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെയ്‌ലി മെയിലിലെ റിപ്പോർട്ടിൽ പറയുന്നു.

ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘം തങ്ങളുടെ അനുയായികളോട് ദൈവത്തിൽ വിശ്വാസമർപ്പിക്കാനും പകർച്ചവ്യാധി സംഭവിച്ചതിനു പിന്നിൽ ഒരു കാരണമുണ്ടെന്നും ദൈവം തിരഞ്ഞെടുത്തവരെ മാത്രമേ രോഗം ബാധിക്കുകയുള്ളൂ എന്നും പറയുന്നു.

നിർദ്ദേശങ്ങളിൽ, ഒരാൾ സിംഹത്തിൽ നിന്ന് രക്ഷപ്പെടുന്നതു പോലെ രോഗബാധിതനായ ഒരാളിൽ നിന്ന് ഓടിപ്പോകണമെന്നും പറയുന്നു.

ഒരു പ്രതിരോധമെന്ന നിലയിൽ എല്ലായ്പ്പോഴും വായയും ജലപാത്രങ്ങളും മൂടുന്നതിനെ കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, തുമ്മൽ വരുമ്പോൾ ഒരാൾ മൂക്കും വായയും മൂടുകയും ചെയ്യണമെന്ന് നിരോധിത സംഘടന അറിയിച്ചു.

ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് അയ്യായിരത്തിലധികം പേരുടെ മരണത്തിനിടയാക്കി, 1,35,000 ൽ അധികം ആളുകൾക്ക് രോഗം ബാധിച്ചു. ഇറാഖിൽ ഇതുവരെ 79 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ശേഷം കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു. ലോകമെമ്പാടും നാശം വിതയ്ക്കുന്ന കോവിഡ് -19 ന്റെ പുതിയ പ്രഭവകേന്ദ്രമാണ് യൂറോപ്പ് എന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.