പൗരത്വ നിയമ ഭേദഗതി അനാവശ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി തികച്ചും അനാവശ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെങ്കിലും ഇവ തികച്ചും ആവശ്യമില്ലാത്തതാണ്. ഇപ്പോഴും പൗരത്വ നിയമം എന്തിനാണ് നടപ്പാക്കുന്നതെന്ന് മനസ്സിലായിട്ടില്ലെന്നും ഷെയ്ഖ് ഹസീന വ്യക്താമാക്കി.അബുദാബിയില്‍ ഗള്‍ഫ് ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് ഹസീന തന്റെ അഭിപ്രായം പറഞ്ഞത്

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയെന്നും ഷൈഖ് ഹസീന പറഞ്ഞു

പീഡനത്തിന്റെ പേരില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യവിട്ടു പോകുന്നില്ല. ഇന്ത്യയില്‍ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല. എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഷൈഖ് ഹസീന അഭിമുഖത്തില്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിയമം.നേരത്തെ, കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിര താമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ നിയമപ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബര്‍ 13നാണ് ഒപ്പുവെച്ചത്.