പാക് ദേശീയ ദിനാചരണ പരിപാടിയില്‍ ഇന്ത്യ പ്രതിനിധികളെ അയക്കില്ല

പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്തോ-പാക് ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു..വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നടക്കുന്ന ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ച പാക് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം.

എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാകിസ്ഥാന്‍ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഇക്കുറി മാര്‍ച്ച് 22ന് തന്നെ ദേശീയ ദിനാചരണം നടത്താന്‍ ഹൈക്കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

സാധാരണയായി ഈ ചടങ്ങിലേക്ക് മന്ത്രിമാരെയാണ് പ്രതിനിധിയായി ഇന്ത്യ അയച്ചിരുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ മലേഷ്യയുടെ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഫെബ്രുവരി പതിന്നാലിന് നടന്ന പുല്‍വാമ ഭീകരാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. പിന്നീട് ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുകയും അന്തര്‍ദേശീയ വേദികളില്‍ പാകിസ്ഥാനെതിരെ പ്രചാരണം നടത്തി ഭീകരപ്രവര്‍ത്തനത്തിനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ നേടുകയും ചെയ്തിരുന്നു.