കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ല; ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്

കശ്മീരിന്റെ പേരിലുള്ള തര്‍ക്കം ഇന്ത്യയും പാകിസ്ഥാനും കൂടി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പരിഹരിക്കട്ടയെന്ന് ഫ്രാന്‍സ്.ഇതില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഫ്രാന്‍സിന്റെ പ്രസിഡന്റെ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി.വ്യാഴാഴ്ച പാരീസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് പറഞ്ഞത്.

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്‍, പ്രശ്‌നം ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന തങ്ങളുടെ നിലപാട് പാകിസ്ഥാനെ അറിയിക്കും. എന്നാല്‍, കശ്മീരിന്റെ പേരില്‍ അക്രമമുണ്ടാകരുതെന്നും മക്രോണ്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും അക്രമം തുടങ്ങി വെയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിയ്ക്കുന്ന നീക്കങ്ങള്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുതെന്നും മക്രോണ്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.