ന്യൂനപക്ഷങ്ങളുടെ വേട്ടക്കാര്‍ സംരക്ഷകര്‍ ചമയുന്നു, മതഭ്രാന്തരെ മഹത്വവത്കരിക്കുന്ന നിങ്ങളെ പോലെയല്ല ഭാരതം : പാക് വിമര്‍ശനത്തെ തള്ളി ഇന്ത്യ

പ്രവാചക നിന്ദ വിഷയത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ സ്ഥിരം ലംഘിക്കുന്ന പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്.

ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, അഹമ്മദീയ വിഭാഗങ്ങളെ പാക്കിസ്ഥാന്‍ എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നതെന്ന് ലോകം സാക്ഷിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും വലിയ ബഹുമാനമാണ് നല്‍കുന്നത്. ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കാതെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭരണനേതൃത്വം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

 

മുസ്ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നത്. ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.