'ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ല'; ലോക വ്യാപാര സംഘടനയില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ട്രംപ്

ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആ പദവി ഉപയോഗിച്ച് ഇരു രാജ്യങ്ങളും നടത്തുന്ന മുതലെടുപ്പ് ഇനി അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.

ഇന്ത്യയും ചെനയും രണ്ട് ഭീമന്‍ സാമ്പത്തിക ശക്തികളാണെന്നും ഇനിയും വികസ്വര രാഷ്ട്രങ്ങളാണെന്നു പറയാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. അതിനാല്‍ ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യയും ചൈനയും ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. ഇന്ത്യയും ചൈനയും ഏറെ വര്‍ഷങ്ങളായി അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ഇനി ഡബ്ലു.ടി.ഒയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഡബ്ല്യു.ടി.ഒ അമേരിക്കയുടെ ഈ ആവശ്യം നീതിപൂര്‍വ്വമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വികസ്വര രാഷ്ട്രങ്ങളെ എങ്ങനെയാണ് ഡബ്ലു.ടി.ഒ നിര്‍വ്വചിക്കുന്നത് എന്ന് കഴിഞ്ഞ മാസം ട്രംപ് ചോദിച്ചിരുന്നു. അന്നു തന്നെ ട്രംപിന്റെ ഉന്നം ചൈനയും ഇന്ത്യയുമാണെന്ന സംശയം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത് വ്യക്തമാക്കുകയാണ് ട്രംപ്. അമേരിക്കയും ചൈനയയും തമ്മിലുള്ള വ്യപാര യുദ്ധം മുറുകുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന. അമേരിക്കയ്ക്ക് ഉത്പന്നങ്ങള്‍ക്കു കടുത്ത ഇറക്കുമതി ചുങ്കം ചുമത്തുന്ന നടപടിയിലാണ് ട്രംപിന് ഇന്ത്യയുമായി പ്രശ്‌നമുള്ളത്.