ഇവര്‍ക്ക് പേടിയില്ല, കടലിലെ മഞ്ഞുമലകളെ

കടലില്‍ ഒഴുകി നടക്കുന്ന മഞ്ഞുമലകള്‍ എക്കാലത്തും നാവികരുടെയും സമുദ്ര സഞ്ചാരികളുടെയും പേടി സ്വപ്‌നമാണ്. എന്നാല്‍ കാനഡയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് അങ്ങനെയല്ല. കാരണം, ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളില്‍ നിന്നടര്‍ന്ന മഞ്ഞുകട്ടകളില്‍ നിന്നു ലഭിക്കുന്നത് ഏറ്റവും ശുദ്ധമായ വെള്ളമാണെന്ന് അറിയാവുന്നതു കൊണ്ടാണിത്. അതുകൊണ്ടു തന്നെ ഈ കടലില്‍ മുങ്ങിയും പൊങ്ങിയും നീന്തി നടക്കുന്ന മഞ്ഞുപാളികള്‍ക്ക് പിന്നാലെയാണ് കാനഡയിലെ മത്സ്യത്തൊഴിലാളികള്‍.

മഞ്ഞുമലകളെ വെടിവെച്ച് അടര്‍ത്തിയെടുക്കുന്ന മഞ്ഞുകട്ടകള്‍ പ്രാദേശിക കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ഇവിടുത്തെ ഒരുപറ്റം മത്സ്യത്തൊഴിലാളികള്‍ ചെയ്യുന്നത്. എഡ്വേര്‍ഡ് കീനാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. 20 കൊല്ലമായി ഇദ്ദേഹം മഞ്ഞുകട്ട വ്യാപാരം ആരംഭിച്ചിട്ട്. മഞ്ഞുകട്ടകളില്‍ നിന്നുള്ള വെള്ളം മദ്യനിര്‍മ്മാണത്തിനും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ ഉത്പാദനത്തിനുമായാണ് ഉപയോഗിക്കുക.

1000 ലിറ്ററോളം വെള്ളമാണ് ഒരു കട്ടയില്‍ നിന്ന് ഉത്പാദിപ്പിക്കാനാവുക. മെയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ എട്ട് ലക്ഷം ലിറ്റര്‍ വരെ ശുദ്ധജലം വില്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും.

ഒഴുകി നടക്കുന്ന മഞ്ഞുകട്ടകളുടെ സമീപത്തേക്ക് ബോട്ടില്‍ പോയി വലയിലാക്കിയും കൊളുത്ത് ഉപയോഗിച്ചുമാണ് കരയിലേക്കെത്തിക്കുക. കോടാലി ഉപയോഗിച്ചാണ് മഞ്ഞുകട്ടകളെ കഷണങ്ങളാക്കുന്നത്. വേനല്‍കാലത്താണ് ഇവര്‍ക്ക് കൂടുതല്‍ മഞ്ഞുകട്ടകള്‍ ലഭിക്കുക.

അതേസമയം പ്രകൃതിയ്ക്ക് ദോഷമായി ഒന്നും ചെയ്യുന്നില്ലെന്നും പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ശുദ്ധമായ ജലം മാത്രമാണ് എടുക്കുന്നതെന്നും കീന്‍ പറയുന്നു. ചില്ലുകുപ്പികളിലാക്കിയാണ് മഞ്ഞുകട്ടകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം കീന്‍ വില്‍ക്കുന്നത്.