എനിക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങൾ ഒന്നുമില്ല; റഷ്യന്‍ അധിനിവേശം തുടരുമെന്ന് പുടിന്‍

ഉക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം തുടരുമെന്ന സൂചനയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നത് വരെ അധിനിവേശം തുടരും. റഷ്യയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും കിഴക്കന്‍ ഉക്രൈനിലെ ജനങ്ങളെ സംരക്ഷിക്കാനും സൈനിക നീക്കം തുടരുക എന്നതല്ലാതെ തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും പുടിന്‍ പറഞ്ഞു.

നിലവില്‍ ഉക്രൈനിലെ ഡോണ്‍ബാസ് പ്രവിശ്യയിലാണ് റഷ്യന്‍ സൈനികര്‍ ആക്രമണം നടത്തുന്നത്. ഈ മേഖലയില്‍ സൈന്യം വലിയ ആക്രമങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ റഷ്യന്‍ സഖ്യകക്ഷികളായ വിഘടനവാദികളും ഉക്രൈനിയന്‍ സേനയും തമ്മിലുള്ള പോരാട്ടത്തിലൂടെ വിഭജിക്കപ്പെട്ട പ്രദേശമാണിത്. ഇവിടുത്തെ വിഘടനവാദികളുടെ സ്വാതന്ത്ര്യ അവകാശവാദങ്ങള്‍ റഷ്യ അംഗീകരിച്ചിട്ടുണ്ട്.

പ്രദേശത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളില്‍ ശക്തമായ സൈനിക നീക്കം നടത്താന്‍ മോസ്‌കോ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലസ്ഥാനമായ കീവ് പിടിച്ചെടക്കുക, വ്‌ളോഡിമിര്‍ സെലന്‍സ്‌കിയെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കം ചെയ്യുക, ഉക്രൈനില്‍ റഷ്യയോട് കൂറുപുലര്‍ത്തുന്ന ഗവണ്‍മെന്റിനെ സൃഷ്ടിക്കുക, എന്നിവ തന്നെയാണ് ഇപ്പോഴും പുടിന്‍ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി റഷ്യ രാസായുധം പ്രയോഗിക്കാനുള്ള സാധ്യതയും അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞിട്ടില്ല.