ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളില്‍ വെടിവെയ്പ്പ്; മരണസംഖ്യ 47 ആയി

ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലിം പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 47 ആയി വര്‍ധിച്ചു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലുമാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. വെടിവെയ്പ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയത്. പള്ളിയില്‍ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസമയം 16 വയസ് മുതല്‍ പ്രായമുള്ള അമ്പതോളം പേര്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയിലായിരുന്നു.

ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരങ്ങള്‍. ടീമംഗങ്ങള്‍ പള്ളിയിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകന്‍ മൊഹമ്മദ് ഇസ്ലാം ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മല്‍സരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. സംഭവത്തിന് പിന്നാലെ ടീം അംഗങ്ങള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. താരങ്ങള്‍ സുരക്ഷിതരെന്ന് ടീമംഗം തമീം ഇഖ്ബാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

സമാന സമയത്ത് ന്യൂസിലന്‍ഡിലെ മറ്റൊരു മുസ്ലിം പള്ളിയിലും വെടിവെയ്പ്പ് നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് അവന്യൂവിലെ പള്ളിയിലാണ് വെടിവെയ്പ്പ് നടന്നത്.

ആക്രമണം നടന്ന സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്ക് സമീപം ഉണ്ടായിരുന്നു. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി ന്യൂസിലന്‍ഡ് പൊലീസ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പ്രദേശത്തെ മറ്റ് മുസ്ലിം പള്ളികളും സ്‌കൂളുകളും താത്കാലികമായി അടയ്ക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.