കൊറോണ വൈറസ് ബാധ: ഹോങ്‌കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹോങ്‌കോങില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. സ്‌കൂളുകള്‍ ഫെബ്രുവരി 17വരെ പ്രവര്‍ത്തിക്കില്ല. ചൈനയിലേക്കുള്ള എല്ലാ ഔദ്യോഗിക യാത്രകളും റദ്ദാക്കിയിട്ടുമുണ്ട്. ഹോങ്‌കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം ആണ് പ്രഖ്യാപനം നടത്തിയത്.

ചൈനയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിനെയും വൂഹാന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളും ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കും. കൂടാതെ നഗരത്തില്‍ നടത്താനിരുന്ന ഔദ്യോഗിക പുതുവര്‍ഷാഘോഷങ്ങളും റദ്ദാക്കിയതായി സി.എന്‍.ബി.സി.ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ഇതിനോടകം ഹോങ്‌കോങ്ങില്‍ അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൂഹാന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവരാണ് ഈ അഞ്ചുപേരും. ഹുബേയി പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാനില്‍നിന്നാണ് കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.