മോദി പങ്കെടുക്കാനിരിക്കുന്ന മെഗാ ഇവന്റിന് മുന്നോടിയായി ഹൂസ്റ്റണിൽ നാശം വിതച്ച്‌ കനത്ത മഴ, അടിയന്തരാവസ്ഥ; 'ഹൗഡി മോദി' അനിശ്ചിതത്വത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനം മുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ. പ്രദേശത്തെ കനത്ത മഴക്കെടുതിയാണ് മോദിയുടെ “ഹൗഡി മോദി” എന്ന മെഗാ പരിപാടിയ്ക്ക് ഭീഷണിയായിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ പ്രദേശത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്ന് പെയ്ത പേമാരി ആണ് ഹൂസ്റ്റണിൽ നാശം വിതച്ചത്. ഇത് ടെക്സാസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഗവർണറെ പ്രേരിപ്പിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനൊപ്പം  രാജ്യത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാനാണ് ഹൗഡി മോദിയിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകൾ പരിപാടിയിലേക്കെത്തുമോ എന്ന ആശങ്കയിലാണ് സംഘാടകർ. പ്രദേശത്തെ വൈദ്യുതി നിലച്ചതും സംഘടകർക്ക് തലവേദനയായിരിക്കുകയാണ്‌.