ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ പ്രതിനിധി, പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യ

മുബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതില്‍ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ. ഇക്കാര്യത്തിലുള്ള അതൃപ്തി പലസ്തീനെ ഇന്ത്യ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

റാവല്‍പിണ്ടിയിലെ ലിയാഖത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ്  ആ രാജ്യത്തെ പാലസ്തീന്‍ പ്രിതിനിനിധി വലീദ് അബു അലി വേദി പങ്കിട്ടത്. ഇക്കാര്യം ഗൗരവതരമാണെന്നും വിഷയം ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറേയും പലസ്തീനേയും അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

പാകിസ്താനിലെ 40 ല്‍ അധികം മത-തീവ്രസസ്വഭാവമുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍. ഹാഫിസ് സയ്യിദാണ് ഇതിന്റെ തലവന്‍. കൂടിക്കാഴ്ചയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യ ഇസ്രായേലിനോട് കൂടുതല്‍ അടുത്തുവെങ്കിലും ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കികൊണ്ടുള്ള അമേരിക്കന്‍ പ്രഖ്യാപനത്തിനെതിരെയാണ് യു എനില്‍ ഇന്ത്യ വോട്ട് ചെയ്തത്. ഹാഫിസ് സയ്യിദ് യുന്‍ എന്‍ പട്ടികയില്‍ ആഗോള ഭീകരവാദിയാണ്.