ഫ്രഞ്ച് ന്യൂ വേവ് സിനിമകളിലൂടെ ലോക പ്രശസ്തയായ നടി അന്ന കരീന അന്തരിച്ചു

ഫ്രഞ്ച് ന്യൂ വേവ് സംവിധായകൻ ജീൻ പോൾ ഗോദാർദിന്റെ സിനിമകളിലൂടെ പ്രശസ്തയായ ഡാനിഷ്-ഫ്രഞ്ച് നടി അന്ന കരീന 79 ആം വയസ്സിൽ അർബുദത്തെ തുടർന്ന് അന്തരിച്ചു. അന്ന കരീനയുടെ ഏജന്റിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി എഎഫ്‌പി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

തന്റെ മുൻ ഭർത്താവ് ഗോദാർദ് സംവിധാനം ചെയ്ത “പിയറോട്ട് ലെ ഫൗ ” ഉൾപ്പെടെ അദ്ദേഹത്തിന്റെ തന്നെ ഏഴ് ചിത്രങ്ങളിലും മറ്റനേകം വിഖ്യാത ചലച്ചിത്രങ്ങളിലും അന്ന കരീന അഭിനയിച്ചിട്ടുണ്ട്.

“അന്ന ഇന്നലെ പാരീസ് ആശുപത്രിയിൽ കാൻസർ ബാധയെ തുടർന്ന് മരിച്ചു,” നടിയുടെ ഏജന്റ് ലോറന്റ് ബാലന്ദ്രാസ് എഎഫ്‌പിയോട് പറഞ്ഞു. അന്നയുടെ നാലാമത്തെ ഭർത്താവായ അമേരിക്കൻ സംവിധായകൻ ഡെന്നിസ് ബെറി മരണ സമയത്ത് ഒപ്പമുണ്ടായിരുനെന്നും ഏജന്റ് കൂട്ടിച്ചേർത്തു.

“ഇന്ന് ഫ്രഞ്ച് സിനിമ അനാഥമായിരിക്കുന്നു. ഇതിഹാസങ്ങളിലൊന്ന് നഷ്ടപ്പെട്ടു,” ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി ഫ്രാങ്ക് റൈസ്റ്റർ ട്വീറ്റ് ചെയ്തു.

നടിയാകണമെന്ന ആഗ്രഹത്തെ തുടർന്ന് അന്ന കരീന ജന്മനാടായ ഡെൻമാർക്കിൽ നിന്ന് പാരീസിലേക്ക് തിരിക്കുമ്പോൾ കൗമാരക്കാരിയായിരുന്നു. പിന്നീട് അവർ മോഡലിങ്ങിൽ തന്റെ കഴിവ് തെളിയിച്ചു. പാരീസിലെ ചാംപ്സ്-എലിസീസിലൂടെ നടക്കുമ്പോൾ ഗൊദാർദിന്റെ ശ്രദ്ധ അന്ന കരീനയിൽ പതിയുകയൂം ഇത് അവരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയുമായിരുന്നു. ഗോദാർദ് അദ്ദേഹത്തിന്റെ  “ബ്രെത്‌ലെസ്” എന്ന കന്നി ചിത്രത്തിൽ ഒരു നഗ്ന രംഗം വാഗ്ദാനം ചെയ്തുവെങ്കിലും അന്ന കരീന ആ വേഷം നിരസിച്ചു. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം അവർക്ക് മറ്റൊരു വേഷം വാഗ്ദാനം ചെയ്തു, ഇരുവരുടെയും ഫലപ്രദമായ പ്രൊഫഷണൽ ബന്ധവും സിനിമാ ചരിത്രത്തിൽ അന്ന കരീനയുടെ സ്ഥാനവും ഇതിലൂടെ ഉറപ്പിക്കപ്പെട്ടു.

1961 ൽ “എ വുമൺ ഈസ് എ വുമൺ” എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച നടിയായി തിരഞ്ഞെടുക്കുമ്പോൾ 21 വയസു മാത്രമായിരുന്നു അവരുടെ പ്രായം, അതിനോടകം തന്നെ അന്ന കരീന ഗൊദാർദിനോടൊപ്പം ദാമ്പത്യ ജീവിതം ആരംഭിച്ചു കഴിഞ്ഞിരുന്നു. നാല് വർഷത്തിന് ശേഷം ഇരുവരും വിവാഹമോചനം നേടിയെങ്കിലും, അവർ ഒരുമിച്ച് നിർമ്മിച്ച സിനിമകളെപ്പോലെ അവരുടെ ബന്ധവും ഏറെക്കുറെ ബിംബവത്കരിക്കപ്പെട്ടു.

വിവാഹമോചനത്തിനുശേഷം, ചലച്ചിത്ര സംവിധായകരായ ജാക്ക് റിവെറ്റ്, ലുച്ചിനോ വിസ്കോണ്ടി, ടോണി റിച്ചാർഡ്സൺ എന്നിവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട് അന്ന കരീന ദീർഘവും സമൃദ്ധവുമായ അവരുടെ ഔദ്യോഗിക ജീവിതം തുടർന്നു.

1970 കളുടെ തുടക്കത്തിൽ, ക്യാമറയ്ക്ക് പിന്നിലും അന്ന കരീന പ്രവർത്തിച്ചു, ഒരു ചരിത്ര അധ്യാപകന്റെയും സ്വാതന്ത്ര്യ ബോധമുള്ള ഉത്സാഹവതിയായ ഒരു യുവതിയുടെയും, ഗാർഹിക പീഡനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അവസാനിക്കുന്ന പ്രക്ഷുബ്ധമായ പ്രണയത്തെക്കുറിച്ചുള്ള സിനിമയായ “വിവ്രെ എന്സെംബിൾ” അവർ സംവിധാനം ചെയ്തു.

സെർജ് ഗെയിൻസ്‌ബർഗിനൊപ്പം “സോസ് ലെ സോലെയിൽ എക്‌സാക്റ്റെമെന്റ്” റെക്കോർഡു ചെയ്‌തു ഗായികയെന്ന നിലയിലും അന്ന കരീന വിജയം കൈവരിച്ചിട്ടുണ്ട്.