പെഗാസസ് ഹാക്കിംഗ് സ്ഥിരീകരിച്ച്‌ ഫ്രഞ്ച് ഏജൻസി, ഫോൺ ചോർത്തൽ സ്ഥിരീകരിക്കുന്ന ആദ്യ സർക്കാർ ഏജൻസി

ഫ്രാൻസ് ദേശീയ സൈബർ സുരക്ഷാ ഏജൻസി (എ.എൻ.എസ്.എസ്.ഐ) രാജ്യത്തെ ഓൺലൈൻ അന്വേഷണ ജേണൽ മീഡിയപാർട്ടിലെ രണ്ട് പത്രപ്രവർത്തകരുടെ ഫോണുകളിൽ പെഗാസസ് സ്പൈവെയർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ലോകത്ത് ഇത് ആദ്യമായാണ് ഒരു സർക്കാർ ഏജൻസി പെഗാസസ് ഫോൺ ചോർത്തൽ സ്ഥിരീകരിക്കുന്നത്.

പെഗാസസ് ഫോൺ ചോർത്തലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ അതേ നിഗമനങ്ങളിലാണ് എ.എൻ.എസ്.എസ്.ഐ നടത്തിയ പഠനം എത്തിച്ചേർന്നത് എന്ന് മീഡിയഡിയപാർട്ട് റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് സ്മാർട്ട്‌ഫോണുകളിലെ സന്ദേശങ്ങളും കോളുകളും ചോർത്തുന്നത് സംബന്ധിച്ച് അന്വേഷണം പ്രസിദ്ധീകരിക്കുന്ന 17 മാധ്യമ സ്ഥാപനങ്ങളിൽ മീഡിയപാർട്ട് ഉൾപ്പെടുന്നു.

ഇന്ത്യയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി വാർത്ത വന്നിരുന്നു. ഈ വിവാദം സർക്കാരിനെതിരായ പ്രതിപക്ഷ വിമർശനങ്ങൾക്കും പ്രതിഷേധത്തിനും ആക്കം കൂട്ടുകയും പാർലമെന്റിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.