ദുരന്ത വെള്ളി, മരണം നാല്‍പത് കവിഞ്ഞു, വെടിവെയ്പ്പ് തത്സമയം സംപ്രേഷണം ചെയ്ത് അക്രമികള്‍

ന്യൂസിലന്‍ഡില്‍ പള്ളികള്‍ക്ക് നേരെയുണ്ടായ വെടി വെയ്പ്പില്‍ മരണം നാല്‍പതായി. ഇരുപതിലധികം ആളുകള്‍ ഗുരുതര പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികള്‍ക്ക് നേരെയാണ് തീവ്രവാദ ആക്രമണമുണ്ടായത്.

ഒരു സ്ത്രീയടക്കം നാല് പേരാണ് വെടിവെയ്പ്പില്‍ പങ്കെടുത്തതെന്നാണ് സൂചന. പോലീസ് കമ്മീഷണര്‍ മൈക്ക് ബൂഷ് ആണ് ഇതുസംബന്ധിച്ച് സൂചന പുറത്തു വിട്ടത്. ഇവരെ പോലീസ് പിടികൂടിയിട്ടുണ്ട്.

അക്രമികള്‍ എത്തിയ കാറില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരവും കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയത്. പള്ളിയില്‍ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവ സമയം 16 വയസ് മുതല്‍ പ്രായമുള്ള അമ്പതോളം പേര്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയിലായിരുന്നു. സമാന സമയത്ത് ന്യൂസിലന്‍ഡിലെ മറ്റൊരു മുസ് ലിം പള്ളിയിലും വെടിവെയ്പ്പ് നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് അവന്യൂവിലെ പള്ളിയിലാണ് വെടിവെയ്പ്പ് നടന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്നും സംശയമുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്ന് ബംഗ്ലാദേശും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. അല്‍ നൂര്‍ മസ്ജിദിന് സമീപമുള്ള ഹാഗ്ലി ഓവലായിരുന്നു മൂന്നാം ടെസ്റ്റിനുള്ള വേദി. സുരക്ഷ കണക്കിലെടുത്ത് മത്സരം റദ്ദാക്കാന്‍ ഇരുടീമും സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ന്യൂസിലന്‍ഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് വെള്ളിയാഴ്ചയാണ് തുടങ്ങേണ്ടിയിരുന്നത്.

വെടിവെപ്പ് നടക്കുന്ന സമയത്ത് അല്‍ നൂര്‍ മസ്ജിദ് തൊട്ടടുത്തുണ്ടായിരുന്ന ബംഗ്ലാദേശ് താരങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു താരങ്ങള്‍. ആ സമയത്താണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് അവിടെ നിന്ന് ഹാഗ്ലി പാര്‍ക്കിലൂടെ പുറത്തുകടന്ന താരങ്ങള്‍ ടീം ബസ്സില്‍ ഹോട്ടലിലേക്ക് തിരിച്ചുപോകുകയായിരുന്നു.

യന്ത്രതോക്കില്‍ ക്യാമറ ഘടിപ്പിച്ചായിരുന്നു അക്രമം. വെടിവയ്ക്കുന്നത് തത്സമയം സ്ട്രീം ചെയ്യുകയും ചെയ്തു. ഇതോടെ തല്‍സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങളുമെത്തി. ഇത് ഏവരേയും ഞെട്ടിച്ചു. പള്ളിയിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിവയ്ക്കുകയായിരുന്നു. അക്രമി പള്ളിയിലെത്തി കാര്‍ പാര്‍ക്ക് ചെയ്യുന്നതു മുതലാണ് സമൂഹമാധ്യമത്തില്‍ ലൈവ്സ്ട്രീം ആരംഭിക്കുന്നതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും വാഹനത്തിനു മുന്നിലെ പാസഞ്ചര്‍ സീറ്റിലും ബൂട്ടിലുമായി വച്ചിരിക്കുന്നത് വീഡിയോയില്‍ കാണം. പെട്രോള്‍ നിറച്ച ടാങ്കുകളും വാഹനത്തില്‍ കരുതിയിരുന്നതായി ന്യൂസിലന്‍ഡ് മാധ്യമമായ എന്‍ഇസഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.