വിഷം കൊടുത്ത് കൊല്ലുമെന്ന് ഭയം, 1,000 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുടിന്‍ മാറ്റിയെന്ന് റിപ്പോര്‍ട്ട്

വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ 1000 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോര്‍ട്ട്. പിരിച്ചുവിട്ടവരില്‍ അംഗരക്ഷകര്‍, പാചകക്കാര്‍, അലക്കുകാര്‍, സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ടെന്ന് റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഡെയ്ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരിയിലാണ് റഷ്യ ഉക്രൈനില്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തെ കുറിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളു ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രൈനില്‍ റഷ്യ നടത്തുന്ന ബോംബാക്രമണത്തെ ലോകമെമ്പാടുമുള്ളവര്‍ ശക്തമായി അപലപിച്ചിരുന്നു. പുടിനെ വധിക്കാനുള്ള ശ്രമം നടത്തുക എന്നത് എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ലക്ഷ്യമായിരിക്കുമെന്ന് പുടിന്‍ ഭയപ്പെട്ടിരുന്നു.

യു.എസിലെ സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം പുടിന്റെ കൊലപാതകത്തിന് ആഹ്വാനം ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

‘ഇത് അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം റഷ്യയിലെ ആരെങ്കിലും ഈ വ്യക്തിയെ പുറത്താക്കുക എന്നതാണ്. അത് നിങ്ങള്‍ രാജ്യത്തിനും ലോകത്തിനും ചെയ്യുന്ന ഒരു മികച്ച സേവനമായിരിക്കും’ എന്നാണ് ഗ്രഹാം മാര്‍ച്ച് ആദ്യ വാരം ട്വീറ്റ് ചെയ്തത്.

വിഷം ഉപയോഗിച്ചുള്ള കൊലപാതകം റഷ്യയില്‍ ഒരു പുതിയ കാര്യമല്ല. 2020 ഓഗസ്റ്റില്‍ സൈബീരയയില്‍ വച്ച് പുടിന്റെ വിമര്‍ശകനായ അലക്‌സി നവാല്‍നിക്കെതിരെ വിഷപ്രയോഗം നടന്നിരുന്നു. പുടിനാണ് ഇതിന് ഉത്തരവിട്ടതെന്ന് പരക്കെ ആരോപിക്കപ്പെട്ടിരുന്നു.