അപകടത്തില്‍ കൊല്ലപ്പെട്ട പെണ്‍കുറുക്കന്റെ വയര്‍ കീറി കുഞ്ഞുങ്ങളെ രക്ഷിച്ചെടുത്തു; യുവാവിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

ഇംഗ്ലണ്ടിലെ സസെക്സ് കൗണ്ടിയിലാണ് സംഭവം. രാത്രി ഏറെ വൈകി ആ വഴി വന്ന ക്രിസ് റോള്‍ഫ് എന്ന യുവാവാണ് അപകടത്തില്‍ കൊല്ലപ്പെട്ട പൂര്‍ണഗര്‍ഭിണിയായ പെണ്‍കുറുക്കന്റെ വയറ്റില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചത്.

ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ യാദൃച്ഛികമായിട്ടാണ്, റോഡില്‍ കിടക്കുന്ന ഗര്‍ഭിണിയായ ഒരു പെണ്‍കുറുക്കന്റെ ജഡം ക്രിസിന്റെ കണ്ണില്‍ പെട്ടത്. അയാള്‍ ഡോക്ടറോ നഴ്‌സോ ഒന്നുമായിരുന്നില്ല. ആശുപത്രികളുമായി പുലബന്ധം പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ധാരാളം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു, ക്രിസിന്. വേഗം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അമ്മയുടെ വയറ്റില്‍ കിടന്ന് ആ കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു.

കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തി എടുത്തു കൊണ്ടു വന്ന് മരിച്ചു കിടന്ന ആ കുറുക്കന്റെ വയറ്റില്‍  ക്രിസ്  എമര്‍ജന്‍സി “സര്‍ജറി” ചെയ്യുകയായിരുന്നു. വയറിനുള്ളില്‍ വീര്‍പ്പുമുട്ടി കിടന്ന നാലു കുറുക്കന്‍ കുഞ്ഞുങ്ങളെ വയറുകീറി പുറത്തെടുത്തു. നാലാമത്തെ കുറുക്കന്‍ കുഞ്ഞും പുറത്തു വന്നപ്പോഴേക്കും നേരം പാതിരാത്രി. മുമ്പ് തന്റെ ഫാമിലെ ആടുകളില്‍ ഇതുപോലെ സിസേറിയന്‍ ചെയ്യുന്നത് അയാള്‍ നേരില്‍ കണ്ടിരുന്നു. ആ  ധൈര്യത്തിലാണ് ക്രിസ് ഇതൊക്കെ ചെയ്തത്.

ക്രിസ് ആ കുഞ്ഞുങ്ങളെ കോട്ടിന്റെ പോക്കറ്റിലാക്കി തന്റെ അമ്മയുടെ വീട്ടിലേക്ക് കാറോടിച്ചു പോയി. അയാളുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് നാല് ജീവനുകളെയാണ്.

ഇപ്പോള്‍ ആ കുറുക്കന്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴാഴ്ച പ്രായമുണ്ട്. കുഞ്ഞുങ്ങളുമൊത്തുള്ള ചിത്രങ്ങള്‍ ക്രിസ് സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ അനുഭവകഥയോടൊപ്പം പങ്കുവെച്ചിരുന്നു. രാത്രി ഏറെ വൈകിയിട്ടും ആ കാടിനുള്ളില്‍ വണ്ടി നിര്‍ത്തി കുഞ്ഞുങ്ങളെ വയറുകീറി രക്ഷിക്കാന്‍ റോള്‍ഫ് കാണിച്ച മനസ്സാന്നിദ്ധ്യത്തെ വാഴ്ത്തുകയാണ് സൈബര്‍ ലോകം.

പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന “ദി ഫോക്‌സ് പ്രോജക്ട്” എന്ന എന്‍ജിഒയുടെ സഹായം ക്രിസിന് ലഭ്യമാവുന്നുണ്ട്. ജിഞ്ചര്‍, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ് , ലിറ്റില്‍ ടിപ്പ് എന്നിങ്ങനെ കുറുക്കന്‍കുഞ്ഞുങ്ങള്‍ക്ക് പേരുമിട്ടു ക്രിസ്.

കുറുക്കന്‍ കുഞ്ഞുങ്ങള്‍ ആറുമാസത്തോളം വളര്‍ച്ചയെത്തിയ ശേഷം അവയെ കാടിനുള്ളില്‍ വിടാനാണ് ക്രിസിന്റെ തീരുമാനം.