ഫെയ്സ്ബുക്ക് പേര് മാറ്റുന്നു, കമ്പനിയുടെ വാർഷിക കോൺഫറൻസിൽ പ്രഖ്യാപനമുണ്ടാകും

ഫെയ്സ്ബുക്ക് കമ്പനി അതിന്റെ പേര് മാറ്റാൻ പദ്ധതിയിടുന്നതായി യു.എസ് ടെക്‌നോളജി ബ്ലോഗ് ആയ ദി വെർജ് റിപ്പോർട്ട് ചെയ്തു. മെറ്റാവെർസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പേരുമാറ്റം. ഫെയ്‌സ്ബുക്ക് ആപ്പ് നിലവിലുള്ളത് പോലെ തുടരുകയും പുതിയ പേരുള്ള മാതൃകമ്പനിക്ക് കീഴിലാകുകയും ചെയ്യും. ഫെയ്സ്ബുക്കിന്റെ ഭാവി ‘മെറ്റാവേഴ്സ്’ ആണ് എന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ജൂലൈയിൽ പറഞ്ഞിരുന്നു.

ഫെയ്സ്ബുക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, ഒക്കുലസ് എന്നിങ്ങനെ കമ്പനിയുടെ സേവനങ്ങളെ ഒരു മാതൃകമ്പനിക്ക് കീഴില്‍ കൊണ്ടുവരിക എന്നതാണ് ഫേയ്സ്ബുക്ക് ലക്ഷ്യമിടുന്നത്.

ഒക്ടോബർ 28 ന് നടക്കുന്ന കമ്പനിയുടെ വാർഷിക കണക്ട് കോൺഫറൻസിൽ മാർക്ക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവർത്തന മേഖല വിപുലീകരിക്കുക എന്ന സ്ഥാപനത്തിന്റെ താത്പര്യാമാണ് കമ്പനിയുടെ പെരുമാറ്റത്തിലേക്ക് നയിച്ചിരിക്കുന്നത്.

കമ്പനിയുടെ ബിസിനസ് സമ്പ്രദായങ്ങളിൽ യുഎസ് സർക്കാർ പരിശോധന വർദ്ധിപ്പിച്ച സമയത്താണ് ഈ വാർത്ത വരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഫേയ്സ്ബുക്കിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.