ട്വിറ്റര്‍ വാങ്ങാനൊരുങ്ങി ഇലോണ്‍ മസ്‌ക്; 41 ബില്യണ്‍ ഡോളര്‍ വാഗ്ദാനം, ഓഫര്‍ നിരസിച്ചാല്‍ പ്ലാന്‍ ബി

സാമൂഹ്യമാധ്യമമായ ട്വിറ്റര്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടെസ്‌ല ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഓഹരിയൊന്നിന് 54.20 ഡോളര്‍ എന്ന കണക്കില്‍ 41 ദശലക്ഷം ഡോളറാണ് അദ്ദേഹം ട്വിറ്ററിന് വിലപറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 3.10 ലക്ഷം കോടി രൂപ വരും.

കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന് മോഹവില വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. ഏപ്രില്‍ ഒന്നിലെ ഓഹരിവിലയേക്കാള്‍ 38 ശതമാനം കൂടുതലാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്ന തുക. ഇക്കാര്യം അമേരിക്കന്‍ ഓഹരിവിപണി റെഗുലേറ്ററിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ജനുവരി 31 മുതല്‍ തന്നെ ട്വിറ്റര്‍ താന്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവസാന വാഗ്ദാനമാണിത് ഇനി വില കൂട്ടില്ലെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു.

നിലവില്‍ ട്വിറ്ററിന്റെ ഒമ്പതു ശതമാനത്തിനു മുകളില്‍ ഓഹരി അദ്ദേഹത്തിന്റെ കൈവശമുണ്ട്. രണ്ടാഴ്ച മുമ്പാണ് ഈ ഓഹരികള്‍ വാങ്ങിയത്. കമ്പനി തന്റെ ഓഫര്‍ നിരസിച്ചാല്‍ ഓഹരിയുടമയായി തുടരണമോ എന്ന് ആലോചിക്കേണ്ടിവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ തന്റെ പക്കല്‍ പ്ലാന്‍ ബി ഉണ്ടെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. എന്നാല്‍ പ്ലാനുകള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ട്വിറ്ററിന്റെ ഡയറക്ടര്‍ സ്ഥാനം അദ്ദേഹം നേരത്തെ നിരസിച്ചിരുന്നു. ട്വിറ്ററിനെ ഏറ്റെടുക്കുന്നത് പണമുണ്ടാക്കാനല്ല. ലോകമെമ്പാടുമുള്ള സ്വതന്ത്ര സംവാദങ്ങള്‍ക്ക് ട്വിറ്ററിനെ വേദിയാക്കണം. മനുഷ്യ നാഗരികതയുടെ ഭാവിക്ക് അതിനെ ഒരു മുതല്‍ക്കൂട്ടാക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മസ്‌കിന്റെ വാഗ്ദാനത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മസ്‌ക് നല്‍കിയ ഓഫറിന്റെ ‘തടവിലല്ല’ ട്വിറ്ററെന്ന് വ്യക്തമാക്കി സി.ഇ.ഒ പരാഗ് അഗ്രവാള്‍ ജീവനക്കാരെ അറിയിച്ചു. ഓഫറിന് പിന്നാലെ ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയം കമ്പനി ബോര്‍ഡ് വിലയിരുത്തി തീരുമാനിക്കുമെന്നും പരാഗ് അഗ്രവാള്‍ പറഞ്ഞു.