പൊക്കത്തിൽ കേരളത്തിലെ മാണിക്യത്തിന്റെ റെക്കോഡ് തകർക്കാൻ ബംഗ്ലാദേശി റാണി

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ പശു എന്ന റെക്കോഡ് ഇതുവരെയും കേരളത്തിൽ നിന്നുള്ള മാണിക്യം എന്ന പശുവിനായിരുന്നു എന്നാൽ മാണിക്യത്തിന്റെ ഈ റെക്കോഡ് തകർക്കാനിരിക്കുകയാണ് റാണി. ബംഗ്ലാദേശിലെ ചാരിഗ്രാമിലെ ഒരു കന്നുകാലി ഫാമിലാണ് ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ പശുവെന്ന് ഉടമകൾ അവകാശപ്പെടുന്ന റാണി ഉള്ളത്.

റാണിക്ക് 20 ഇഞ്ച് ഉയരമേയുള്ളൂ, ‘ബോക്‌സർ ഭൂട്ടി’ ഇനത്തിൽ പെട്ട രണ്ട് വയസ് മാത്രം പ്രായമുള്ള ഈ പശുവിന്റെ ഭാരം 26 കിലോഗ്രാം മാത്രമാണ്. വില 5 ലക്ഷം രൂപ. ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന റെക്കോഡ് നേടുന്നതിനായി റാണിയുടെ ഉടമകൾ ഗിന്നസ് വേൾഡ് റെക്കോഡിസിന് അപേക്ഷ നൽകിയിരിക്കുകയാണ് ഇപ്പോൾ.

ഇങ്ങനെ ഒരു പശു ഉണ്ടെന്ന് അറിഞ്ഞ് രണ്ട് വർഷം മുമ്പ് നാഗാവോണിലെ ഒരു ഫാമിൽ നിന്ന് റാണിയെ വാങ്ങുകയായിരുന്നു എന്ന് പശുവിന്റെ ഉടമ സവാറിലെ ഷിക്കാർ അഗ്രോ ലിമിറ്റഡ് പറഞ്ഞു. അവൾക്ക് ദിവസത്തിൽ രണ്ടുതവണ ഭക്ഷണം നൽകിയാൽ മതി. സാധാരണ പശുക്കളേക്കാൾ വളരെ കുറച്ച് ഭക്ഷണം മാത്രമേ റാണി കഴിക്കൂ.

പശുവിനെ ലോക റെക്കോഡിൽ ഉൾപ്പെടുത്തുന്നതിന് ജൂലൈ 2 ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് അതോറിറ്റിക്ക് അപേക്ഷ അയച്ചിട്ടുണ്ട്. അഭ്യർത്ഥനയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡും മറുപടി നൽകി. അവർക്ക് അവരുടേതായ പ്രക്രിയയുണ്ടെന്ന് അവർ പറയുന്നു. ആ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, അടുത്ത 90 ദിവസത്തിനുള്ളിൽ അവർ അടുത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കി തീരുമാനമെടുക്കും. എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ, റാണിക്ക് ലോകത്തിലെ ഏറ്റവും ചെറിയ പശുവിന്റെ ഔദ്യോഗിക ബാഡ്ജ് ലഭിക്കും.

‘ബോക്‌സർ ഭൂട്ടി’ ഇനത്തിലെ ഈ പശുക്കൾ വളരെ ചെറുതാണെന്നാണ് പ്രാദേശിക മൃഗഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇതുവരെ, പശുവിന് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ല. കൂടാതെ, പ്രായത്തിനനുസരിച്ച്, റാണിക്ക് ഇനി ഭാരം അല്ലെങ്കിൽ ഉയരം വർദ്ധിക്കുകയില്ല. തൽഫലമായി, ഇത് ലോകത്തിലെ ഏറ്റവും ചെറിയ പശുവായി തുടരും.

നിലവിൽ ഗിന്നസ് റെക്കോഡിൽ ലോകത്തിലെ ഏറ്റവും ചെറിയ പശു കേരളത്തിൽ നിന്നുള്ള അക്ഷയ് എൻ.വിയുടെ ഉടമസ്ഥതയിലുള്ള മാണിക്യം എന്ന പശുവാണ്. 2014 ൽ അളന്നപ്പോൾ വെച്ചൂർ ഇനത്തിൽ പെട്ട ഈ പശുവിന്റെ പൊക്കം കുളമ്പിൽ നിന്ന് ചുമൽ വരെ 61.1 സെന്റിമീറ്റർ (24.07 ഇഞ്ച്) ഉയരമായിരുന്നു.

Read more

മൃഗഡോക്ടർമാരുടെ അഭിപ്രായത്തിൽ കേരളത്തിലെ സാധാരണ പശുക്കൾക്ക് 150 സെന്റിമീറ്റർ (4 അടി, 11 ഇഞ്ച്) ഉയരമുണ്ടാവും. വെച്ചൂർ ഇനത്തിലുള്ള പശുക്കൾ പരമാവധി 90 സെന്റിമീറ്റർ (2 അടി 11 ഇഞ്ച്) ഉയരത്തിൽ വളരും.