'അധികാരം കണ്ട് ഭയപ്പെടാത്ത മനുഷ്യരുടെ കാലമാണിത്; പ്രധാനമന്ത്രിക്ക് ഹസ്തദാനം നല്‍കാതെ മാറി നിന്ന ആ യുവതിയാണ് എന്റെ ഹീറോയിന്‍': വൈറലായി കുറിപ്പ്

ഓസ്‌ട്രേലിയന്‍ തീരത്ത് പടരുന്ന കാട്ടുതീയില്‍ വന്‍ നഷ്ടങ്ങളാണ് ഇതു വരെ സംഭവിച്ചത്. ഏകദേശം 50 കോടിയിലേറെ വന്യമൃഗങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. നിരവധി പേര്‍ മരിച്ചു. ധാരാളം പേര്‍ക്ക് വീട് നഷ്ടമായി. എന്നാല്‍ ഇതിനിടയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രശ്‌നങ്ങളോട് പ്രധാനമന്ത്രി മുഖം തിരിക്കുകയാണെന്ന വിമര്‍ശനമാണുയരുന്നത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മൊറിസണിന് ഹസ്തദാനം നല്‍കാതെ മാറി നില്‍ക്കുന്ന സോയ് എന്ന യുവതി ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയാവുകയാണ്. സോയയെക്കുറിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.
ഓസ്‌ട്രേലിയയില്‍ വന്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന തീപിടുത്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായാണ് സോയ് സംസാരിച്ചത്.

നിങ്ങള്‍ കൂടുതല്‍ ഫണ്ടിങ്ങ് ആര്‍ എഫ് എസിന് അനുവദിച്ചാലേ ഞാന്‍ നിങ്ങള്‍ക്ക് ഹസ്തദാനം തരൂ””..എന്നാണ് സോയ പ്രധാനമന്ത്രിയോട് പറഞ്ഞത്. എന്നാല്‍ സോയ്ക്ക് മറുപടി നല്‍കാതെ മാറിപ്പോകുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വിഡിയോയും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. സോയയെ കുറിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രൈം മിനിസ്റ്റര്‍ക്ക് കൈ കൊടുക്കാതിരുന്ന യുവതിയാണ് ഇന്ന് എന്റെ ഹീറോയിന്‍..സോയ് എന്നാണ് അവരുടെ പേര്. 28 ആഴ്ച ഗര്‍ഭവതിയാണ് അവള്‍. ഓസ്‌ട്രേലിയയില്‍ വന്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന തീപിടുത്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായാണ് സോയ് സംസാരിച്ചത്.

” നിങ്ങള്‍ കൂടുതല്‍ ഫണ്ടിങ്ങ് ആര്‍ എഫ് എസിന് അനുവദിച്ചാലേ ഞാന്‍ നിങ്ങള്‍ക്ക് ഹസ്തദാനം തരൂ..ഒരുപാട് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട് ” എന്നായിരുന്നു അവരുടെ വാക്കുകള്‍. അവരുടെ വീടും നാശനഷ്ടങ്ങളുടെ പട്ടികയിലാണ്..

മുഴുവന്‍ കേള്‍ക്കാതെ സോയ് യുടെ മുന്നില്‍ നിന്ന് തിരിഞ്ഞ് മാറിനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വീഡിയോ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്..

ഓസ്‌ട്രേലിയയുടെ കാര്‍ബണ്‍ എമിഷനും തീപിടുത്തങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നതിനു തെളിവില്ല എന്ന അഭിപ്രായക്കാരനാണ് പ്രധാനമന്ത്രി.

കുറഞ്ഞത് ” നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ, ഇത് ശരിയാക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍…ഞാന്‍ സഹായം ചോദിച്ചപ്പോള്‍ അയാള്‍ നടന്നകലുകയാണു ചെയ്തത് ” എന്ന് സോയ് പിന്നീട് പറഞ്ഞിരുന്നു…

ഇന്ന് ജനത്തിനു വേണ്ടി സംസാരിച്ചത് സോയ് ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് ഗ്രെറ്റയെപ്പോലെയുള്ള കുട്ടികളായിരുന്നു..

ലോകത്തെല്ലാം അധികാരം കണ്ട് ഭയപ്പെടാതെ തുറന്ന് സംസാരിക്കുന്ന മനുഷ്യരുടെ കാലമാണ് ഇന്ന്..

സോയ് അതിനൊരു പ്രതിനിധിയും..