ആണവായുധങ്ങള്‍ തല്‍ക്കാലമില്ല; കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ തയാറെന്ന് ട്രംപ്

Advertisement

ഏറെക്കാലമായി നീണ്ടുനിന്ന വാക്‌പോരിനൊടുവില്‍ സമവായ ചര്‍ച്ചകളുമായി അമേരിക്ക. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു സമ്മതമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കിമ്മുമായി സംസാരിക്കാന്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ ട്രംപ് അതിനു നിബന്ധനകള്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് അറിയിച്ചത്.

ഇരു കൊറിയകളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. ദക്ഷിണ കൊറിയയുമായി രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വാഷിങ്ടണും സോളും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

അതേസമയം, ദക്ഷിണ കൊറിയയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്‌സില്‍ തങ്ങളുടെ ടീമിനെ പങ്കെടുപ്പിക്കുന്ന കാര്യം ഉത്തര കൊറിയ ചര്‍ച്ചകളില്‍ ഉന്നയിച്ചേക്കും. നിലവിലെ സങ്കീര്‍ണതകളും ആശങ്കകളും ഇരു കൊറിയകളും ചര്‍ച്ചയിലൂടെ ലഘൂകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു.

താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് ചര്‍ച്ചയെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. കിമ്മിനറിയാം താന്‍ വെറുതെ കറങ്ങുകയല്ലെന്ന്. ഇത്തരം ചര്‍ച്ചകളില്‍നിന്ന് എന്തെങ്കിലും ഫലമുണ്ടായാല്‍ അതു ലോകത്തിനും മനുഷ്യകുലത്തിനും വലിയ സംഭവമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.