ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പോകില്ലെന്ന് ട്രംപ്; ട്വിറ്റർ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് വിലക്കി

അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡണ്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിട്ടുനില്‍ക്കും. ഭരണകൈമാറ്റം സമാധാനപരമായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് തന്റെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ചത്.

ട്വീറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഈ അക്കൗണ്ടിലൂടെ ഇനിയും അക്രമത്തിന് ആഹ്വാനം ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടു‌ത്താണ് അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനുള്ള ട്വിറ്റർ തീരുമാനം. വെരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുന്നുവെന്ന് ട്വിറ്റർ അറിയിക്കുകയായിരുന്നു. നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു.

1869-ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്ന ശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്. സുഗമമായ അധികാരക്കൈമാറ്റം നടത്തുന്ന പ്രശ്നമില്ലെന്ന് ട്രംപ് വീണ്ടും പ്രഖ്യാപിക്കുമ്പോൾ, അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത നാണക്കേടിലേക്കാണ് അമേരിക്കൻ ജനാധിപത്യം തലകുത്തി വീണിരിക്കുന്നതെന്ന് വ്യക്തം.

ഇതിനിടെ കാപ്പിറ്റോള്‍ മന്ദിരത്തിലെ അതിക്രമങ്ങള്‍ക്കുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി തുടരുകയാണ്. വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ന്‍ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്.

Read more

വൈറ്റ്ഹൗസ് മുന്‍ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുള്‍വാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ആക്ടിംഗ് ചെയര്‍മാന്‍ ടൈലര്‍ ഗുഡ്സ്പീഡ്, ജോണ്‍ കാസ്റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.