ഡൊണൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിട പറഞ്ഞു, ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല

യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിനോട് അവസാനമായി വിട പറഞ്ഞു. കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി, 46-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നത് ട്രംപ് ഒഴിവാക്കി.

വൈറ്റ് ഹൗസിൽ നിന്നുള്ള ട്രംപിന്റെ വിടവാങ്ങൽ ആധുനിക കാലത്തെ ഏറ്റവും പ്രക്ഷുബ്ധമായ ഭരണനിർവ്വഹണത്തിന് അന്ത്യം കുറിക്കുന്നു. കോവിഡ് -19 നെ നേരിടാനും ആശയപരമായി പിളർന്ന രാഷ്ട്രത്തെ ഒന്നിപ്പിക്കാനും ഒരു പുതിയ ഭരണത്തിന് തയ്യാറാകുന്ന ജോ ബൈഡൻ ഇന്ന് പ്രസിഡന്റായി സ്ഥാനമേൽക്കും.

ഡൊണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രാവിലെ 8:15 ന് (1315 ജിഎംടി) മറൈൻ വൺ ഹെലികോപ്റ്ററിൽ കയറി എയർ ബേസിലേക്ക് യാത്ര തിരിച്ചു. ചുവന്ന പരവതാനിയിലൂടെ നടന്ന് ഹെലികോപ്റ്ററിൽ കയറുമ്പോൾ ഒരു ചെറിയ ജനക്കൂട്ടം ഇവരെ യാത്രയയക്കാൻ ഒത്തുകൂടിയിരുന്നു. എയർ ബേസിൽ നിന്നും എയർഫോഴ്സ് വണ്ണിൽ ഫ്ലോറിഡയിലേക്കാണ് ട്രംപും മെലാനിയയും പുറപ്പെട്ടത്.

വൈറ്റ് ഹൗസിനോട് വിട പറയുന്നുവെന്നും ഔദ്യോഗിക ജീവിതത്തെ ഒരു ആയുഷ്കാലത്തിന്റെ ബഹുമതിയായി കരുതുന്നുവെന്നും ട്രംപ് സദസ്സിനോട് പറഞ്ഞു.

Read more

78കാരനായ ജോ ബൈഡൻ ഉച്ചയ്ക്ക് യുഎസ് കാപ്പിറ്റോളിലെ വെസ്റ്റേൺ ഫ്രന്റിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ട്രംപ് ഫ്ലോറിഡയിലെ തന്റെ മാർ-എ-ലാഗോ റിസോർട്ടിൽ ആയിരിക്കും.