400 കുട്ടികള്‍ക്ക് എച്ച്.ഐ.വി പകര്‍ത്തിയെന്ന് സംശയം; പാകിസ്ഥാനില്‍ ഡോക്ടറെ അറസ്റ്റു ചെയ്തു

തെക്കന്‍ പാകിസ്ഥാനിലെ ലര്‍ക്കാനയില്‍ 410 കുട്ടികളിലും നൂറുകണക്കിന് ആളുകളിലും എച്ച്.ഐ.വി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അറസ്റ്റില്‍. ഇയാള്‍ മനഃപൂര്‍വ്വം രോഗം പകര്‍ത്തിയതാണോ എന്ന സംശയത്തിലാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ എച്ച്.ഐ.വി ബാധിതനാണ്.

ആരോഗ്യവകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ലാര്‍കാനയിലുളള 13,800 പേരെ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്ന് എച്ച്‌ഐവി ബാധ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് സിന്ധ് പ്രവിശ്യയിലെ എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാം തലവന്‍ സിക്കന്ദര്‍ മേമന്‍ പറഞ്ഞു.

പത്തു വയസ്സുള്ള തന്റെ മകന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ പാരസെറ്റമോളും ഒരു സിറപ്പും നല്‍കി ആശങ്കപ്പെടേണ്ടതില്ല എന്നു പറഞ്ഞ് തിരിച്ചയച്ചെന്ന് കുട്ടിയുടെ അമ്മ റഹമത്ത് ബീബീ പറഞ്ഞു.

എന്നാല്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോയി വീണ്ടും പരിശോധന നടത്തിയപ്പോഴാണ് റഹമത്ത് അപകടം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവരുടെ വീട്ടിലുള്ളവരിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തി. എന്നാല്‍ മറ്റാര്‍ക്കും അണുബാധ ഇല്ലായിരുന്നു.

ഇതുവരെ 23,000 എച്ച്.ഐ.വി കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എച്ച്‌ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.