കാന്‍സര്‍ മുഴകളുമായി കഷ്ടപ്പെടുന്ന മാന്‍പേട; ആരുടെയും കണ്ണ് നനയിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് മൃഗസ്നേഹി

ശരീരത്തില്‍ മുഴുവന്‍ കാന്‍സര്‍ മുഴകളുമായി കഷ്ടപ്പെടുന്ന മാനിന്റെ ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മിനിസോട്ടയില്‍ നിന്ന് ഫോട്ടോഗ്രാഫറും  നഴ്‌സുമായ ജൂലി കാരോവാണ് ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.

മാനിന്റെ കണ്ണും വായയുമടക്കം മുഴകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ മാനിന് ആഹാരം കഴിക്കാനോ കണ്ണു കാണാനോ കഴിയാത്ത അവസ്ഥയിലാണ്.

ഹൃദയഭേദകമായ ചിത്രമെന്ന വിശേഷണത്തോടെയാണ് ജൂലി കാരോ തന്റെ ഫെയ്സ്ബുക്കിലൂടെ മാന്‍പേടയുടെ ദൃശ്യം പങ്കുവെച്ചത്. ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് മാന്‍ ഇരയാണെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്.