കോവിഡ്: വലതുപക്ഷ നേതാക്കളെ വെളുപ്പിച്ചെടുക്കുക വഴി യാഥാർത്ഥ്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുകയാണ് മുതലാളിത്ത മാധ്യമങ്ങൾ

സുബിൻ ഡെന്നിസ്

143 കോടി ജനങ്ങളുള്ള ചൈനയിൽ 4,634 കൊറോണ മരണം. അതും മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന ഒരു വൈറസിനെ നേരിടുന്നതിനിടെ. പക്ഷേ ചൈന പരാജയമാണു പോലും.

8.4 കോടി (ചൈനയുടെ പതിനേഴിൽ ഒന്ന്) ജനങ്ങളുള്ള ജർമ്മനിക്ക് ചൈനയുടെ അനുഭവത്തിൽ നിന്നും പഠിക്കാനുള്ള സമയമുണ്ടായിരുന്നു. പക്ഷേ അവിടെ മരണങ്ങൾ ചൈനയുടെ ഇരട്ടിയോളം – 8,844. പക്ഷേ ജർമ്മനി വൻ വിജയമാണു പോലും. അതെങ്ങനെയാണാവോ?

കഴിഞ്ഞ ഏതാനും ആഴ്‌ചകളായിട്ടുള്ള ഒരു ട്രെൻഡ് ആണ്, ജനസാന്ദ്രത തീരെക്കുറഞ്ഞതും വനിതാ നേതാക്കൾ ഭരിക്കുന്നതുമായ ചില സമ്പന്ന മുതലാളിത്ത രാജ്യങ്ങളുടെ പേരു പറഞ്ഞിട്ട് ഈ രാജ്യങ്ങളൊക്കെ കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിൽ വൻ വിജയം ആണെന്ന് അവകാശപ്പെടുന്ന ലേഖനങ്ങൾ മുതലാളിത്ത അനുകൂല മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

ചിലർ ആഞ്ഞുപിടിച്ചു ഷെയർ ചെയ്യുന്ന ഒരു ലേഖനം പറയുന്നത്, പ്രതിസന്ധിയോട് ജർമ്മനിയുൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ചത് “ഏറ്റവും മികച്ചതും, കാര്യക്ഷമവും, സഹാനുഭൂതിയുള്ളതും, ഫലപ്രദവുമായ പ്രതികരണ മാർഗ്ഗങ്ങളായിരുന്നു” എന്നാണ്. അടിപൊളി.

“സഹാനുഭൂതി”യുണ്ട് എന്ന് അവകാശപ്പെടുന്ന ജർമ്മൻ ചാൻസലർ ആംഗെലാ മെർക്കലിന്റെ കാലത്തു തന്നെയാണ് ജർമ്മനി ഗ്രീസിന്റെ മേൽ അതിക്രൂരമായ Austerity (ചെലവുചുരുക്കൽ, സ്വകാര്യവൽക്കരണം, പെൻഷൻ വെട്ടിക്കുറയ്‌ക്കൽ ഇത്യാദി) നയങ്ങൾ അടിച്ചേൽപ്പിച്ച് ആ രാജ്യത്തെ നശിപ്പിക്കാൻ നേതൃത്വം കൊടുത്തത്. എന്നിട്ടുപോലും ഗ്രീസിൽ എത്രയാണെന്നോ മരണസംഖ്യ? 183. പക്ഷേ ജർമ്മനി വൻ‌വിജയമാണത്രേ.

ദുരിതത്തിലായ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക് കയ്യയച്ച് സഹായിക്കണം എന്ന് വ്യാപകമായ ആവശ്യമുയരുമ്പോൾ അതിനെ എതിർത്തു തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ജർമ്മനി. പക്ഷേ ആംഗെലാ മെർക്കലിന് ഭയങ്കര സഹാനുഭൂതിയാണത്രേ.

ദശകങ്ങളായി യു.എസിന്റെ വക ഉപരോധം മൂലം സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കാത്ത അവശ്യസാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന ക്യൂബയിൽ മരണസംഖ്യ 83. കൊറോണയെ പ്രതിരോധിക്കാൻ യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമായി 24 രാജ്യങ്ങളിലേയ്‌ക്ക് 1800 ആരോഗ്യപ്രവർത്തകരെ അയച്ചു ക്യൂബ. എന്നിട്ട് ക്യൂബയ്‌ക്ക് കാര്യക്ഷമതയോ സഹാനുഭൂതിയോ ഉണ്ടോ? എവിടെ!

യു.എസ്., ഉപരോധവും പരോക്ഷമായ യുദ്ധവും പ്രത്യക്ഷമായ അട്ടിമറി ശ്രമങ്ങളും വഴി നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വെനിസ്വേലയിൽ മരണസംഖ്യ 23. അപ്പോൾ വെനിസ്വേലയുടെ പ്രതിരോധ നടപടികൾ ഫലപ്രദമാണോ? നോ, സൈലൻസ് പ്ലീസ്. ഇവിടെ ഞങ്ങൾ വലതു മാധ്യമങ്ങൾ വെനിസ്വേല പരാജയമാണെന്ന് സ്ഥാപിക്കാൻ വർഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമറിയില്ലേ?  വെനിസ്വേലയെ ആക്രമിക്കാൻ യു.എസ്. പിന്തുണയോടെ പട്ടാളത്തെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന കൊളൊംബിയയിൽ ആകെയുണ്ടായിരുന്ന ടെസ്റ്റിംഗ് മെഷീൻ കേടായപ്പോൾ രണ്ട് മെഷീനുകൾ കൊടുക്കാമെന്ന് ഓഫർ ചെയ്‌തു വെനിസ്വേല. (ജനങ്ങളുടെ ജീവനെക്കാൾ പ്രാധാന്യം ഇടതുവിരുദ്ധതയ്‌ക്ക് കൊടുക്കുന്ന കൊളൊംബിയൻ പ്രസിഡന്റ് ഓഫർ നിരസിച്ചു.) എന്നിട്ട് വെനിസ്വേലയ്‌ക്ക് സഹാനുഭൂതിയുണ്ടോ? ഹേയ്, അങ്ങനെയൊക്കെ പറയുന്നത് മോശമല്ലേ.

യു.എസ്. 30 ലക്ഷം പേരെ കൊന്നൊടുക്കിയ വിയറ്റ്നാമിന് ജർമ്മനിയെക്കാളും ജനസംഖ്യയുണ്ട്, 9.7 കോടി. ചൈനയുമായി 1400 കിലോമീറ്റർ അതിർത്തിയുണ്ട് വിയറ്റ്നാമിന്. ബസ്സിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന അതിർത്തിയാണിത്. എന്നിട്ട് വിയറ്റ്നാമിൽ കൊറോണ കേസുകളുടെ എണ്ണം വെറും 332. മരണസംഖ്യ പൂജ്യം. അതെ, പൂജ്യം! പക്ഷേ മുതലാളിത്ത അനുകൂല മാധ്യമങ്ങൾ ആഘോഷിക്കുമോ? പിന്നേ! ഞങ്ങൾക്ക് വേറെ പണിയില്ലേ. വിയറ്റ്നാം എയർലൈൻസിന്റെ പൈലറ്റുമാരിൽ ഒരാളായ സ്റ്റീവൻ കാമെറോൺ എന്ന ബ്രിട്ടീഷുകാരൻ കൊറോണ ബാധിച്ച് വിയറ്റ്നാമിൽ ഏറ്റവും ഗുരുതരാവസ്ഥയിലുള്ളയാളാണ്. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇതുവരെ വിയറ്റ്നാം 2 ലക്ഷം ഡോളർ ചെലവിട്ടു കഴിഞ്ഞു. പക്ഷേ മികവും സഹാനുഭൂതിയും? സോറി, അതൊന്നും സമ്മതിക്കാൻ പറ്റില്ല.

മുതലാളിത്ത അനുകൂല മാധ്യമങ്ങൾ ഏറ്റവുമധികം ആഘോഷിക്കുന്ന ന്യൂസീലൻഡിൽ ജനസംഖ്യ 50 ലക്ഷം. (നമ്മുടെ മലപ്പുറം ജില്ലയിൽ മാത്രമുണ്ട് 41 ലക്ഷം പേർ.) 1504 കേസുകളും 22 മരണങ്ങളും.

(കണക്കു മാത്രം നോക്കിയാൽ ന്യൂസീലൻഡിനെക്കാൾ പലമടങ്ങ് ജനസംഖ്യയുള്ള നേപ്പാളിലും ശ്രീലങ്കയിലും മരണസംഖ്യ ന്യൂസീലൻഡിനെക്കാൾ കുറവാണ് – യഥാക്രമം പതിനഞ്ചും പതിനൊന്നും.)

“വിജയഗാഥ”യായ ഐസ്‌ലൻഡിൽ ആകെ ജനസംഖ്യ 3.4 ലക്ഷം മാത്രം. കൊല്ലം നഗരത്തിന്റെ ജനസംഖ്യയെക്കാൾ (3.97 ലക്ഷം) കുറവ്. പക്ഷേ 1807 കേസുകളും 10 മരണങ്ങളും. ഇത് ഭയങ്കര പരാജയമാണെന്നല്ല. പക്ഷേ താരതമ്യം എന്തിനോടാണ് എന്നത് മനസ്സിലാക്കണ്ടേ?

ചൈന, വിയറ്റ്നാം, ക്യൂബ, വെനിസ്വേല, കേരളം ഇവ തമ്മിൽ പൊതുവായുള്ളത് എന്താണ് എന്നു തിരിച്ചറിയാൻ റോക്കറ്റ് സയൻസൊന്നും പഠിക്കേണ്ടല്ലോ. എന്തുകൊണ്ട് താരതമ്യം ഈ രാജ്യങ്ങളും/പ്രദേശങ്ങളും മറ്റുള്ളവയും തമ്മിലാകുന്നില്ല?

മറ്റു രാജ്യങ്ങളിലെ ജനങ്ങളെ പട്ടിണിയിലേയ്‌ക്കും ദുരിതത്തിലേയ്‌ക്കും തള്ളിവിട്ട ആംഗെലാ മെർക്കലിനെപ്പോലെയും, നോർവേയിലെ ഏർണാ സൂൾബേർഗിനെപ്പോലെയും ഉള്ള വലതുപക്ഷ നേതാക്കളെ വെളുപ്പിച്ചെടുക്കുന്ന റിപ്പോർട്ടുകൾ പടയ്‌ക്കുക വഴി യഥാർത്ഥ വിഷയങ്ങളിലേയ്‌ക്ക് ജനശ്രദ്ധ തിരിയുന്നത് തടയുകയാണ് മുതലാളിത്ത അനുകൂല മാധ്യമങ്ങൾ ചെയ്യുന്നത്.

അതായത് സോഷ്യലിസ്റ്റ് ചായ്‌വുള്ള രാജ്യങ്ങളുടെ വിജയത്തെപ്പറ്റി ആരും അറിയാൻ പാടില്ല. മുതലാളിത്ത രാജ്യങ്ങൾ പിന്തുടരുന്ന നയങ്ങളും സോഷ്യലിസ്റ്റ് ചായ്‌വുള്ള രാജ്യങ്ങൾ പിന്തുടരുന്ന നയങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെപ്പറ്റി ചർച്ചയുണ്ടാവാൻ പാടില്ല.

അതിനിടെ കേരളത്തിന്റെ വിജയത്തിനു കാരണമായ നയങ്ങളെപ്പറ്റി മിണ്ടാതെ നമ്മുടെ സഖാവ് ഷൈലജ ടീച്ചറിന്റെ പേരു വെറുതെ ഇട്ടു കൊടുത്താൽ കുറെ ഇടതുപക്ഷക്കാരും കൂടി ആവേശം മൂത്ത് ഷെയർ ചെയ്‌തോളും. ഇടതുപക്ഷത്തിന്റെ ചെലവിൽ വലതുപക്ഷത്തിനും കൂടി പബ്ലിസിറ്റി.

തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചത്, പൊതു ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിച്ചത്, പൊതുമേഖലയ്‌ക്ക് (പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഉൾപ്പെടെ) പ്രാധാന്യം കൊടുത്തത്, ജനങ്ങളെ വലിയ തോതിൽ സംഘടിപ്പിച്ച് പ്രതിസന്ധിയെ നേരിടുന്നത്, ഇവയൊക്കെയാണ് ഇതുവരെയുള്ള നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം.

ഇവയെപ്പറ്റിയും മനുഷ്യ ജീവൻ രക്ഷിക്കുന്നതിൽ മുതലാളിത്ത ലോകത്തിന്റെ ദയനീയമായ പരാജയത്തെപ്പറ്റിയുമാണ് ചർച്ചയുണ്ടാകേണ്ടത്. അതിനു പകരം വലതുപക്ഷ പ്രൊപ്പഗാൻഡയ്‌ക്കു കീഴിൽ തലവച്ചുകൊടുക്കുന്നത് മനുഷ്യർ തമ്മിൽ കൂടുതൽ ഐക്യദാർഢ്യവും സഹാനുഭൂതിയുമുള്ള ഒരു ലോകമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം തികഞ്ഞ അബദ്ധമാണ്.

(Tricontinental: Institute for Social Research-ൽ ഗവേഷകനും സാമ്പത്തിക ശാസ്‌ത്രജ്ഞനുമാണ് ലേഖകൻ)