വീണ്ടും ചൈനയില്‍ പിടിമുറുക്കി കോവിഡ്; ജനങ്ങള്‍ വീടുകളില്‍ തന്നെ, കൊടിയ പട്ടിണി

വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്ളാറ്റുകളുടെയും ബാല്‍കണികളില്‍ ഇറങ്ങിനിന്ന് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കടുത്ത നിരീക്ഷണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.