ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്; അമേരിക്കയെ മറികടന്ന് ബ്രസീല്‍, ആഫ്രിക്കയില്‍ വൈറസ് ബാധിതര്‍ ഒന്നര ലക്ഷം കടന്നു 

ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.82 ലക്ഷമായി. ലോകമാകമാനം കോവിഡ് രോഗമുക്തി നേടിയവര്‍ 30 ലക്ഷം കടന്നു. 54,527 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആഫ്രിക്കയില്‍ ആശങ്ക പരത്തി  കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു.

ബ്രസീലില്‍ ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 27,263 പേര്‍ക്ക്. 1,232 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിതരായി ബ്രസീലില്‍ മണപ്പെട്ടത്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് ബ്രസീല്‍. ഒറ്റ ദിവസം മരിച്ചവരുടെ എണ്ണത്തിലും രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിലും ബ്രസീല്‍ അമേരിക്കയെ മറികടന്നു. ചൊവ്വാഴ്ച അമേരിക്കയില്‍ 1134 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. ചൊവ്വാഴ്ച 21,882 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.