കൊറോണയില്‍ ഭയന്ന് ഗള്‍ഫ് മേഖല; സൗദിയില്‍ മലയാളികളെ തിരിച്ചയച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നതോടെ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ജാഗ്രത്. ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായി നൂറ്റിയാറുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, സൗദി വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റ് വീസയിലെത്തിയ മലയാളികളടക്കമുള്ളവരെ തിരിച്ചയച്ചു.

ഇറാനില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചത്. കുവൈത്തില്‍ 45, ബഹ്‌റൈനില്‍ 36, , ഒമാനില്‍ ആറ്, യുഎഇയില്‍ പത്തൊന്‍പതും പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ആരോഗ്യമന്ത്രാലയങ്ങള്‍ അറിയിച്ചു. യുഎഇയില്‍ ചികില്‍സയിലായിരുന്ന അഞ്ചു പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ഇറാന്‍ സന്ദര്‍ശിച്ചവരാണ്. ഇറാന്‍ സന്ദര്‍ശിച്ചവരെല്ലാം പരിശോധനയ്ക്കു വിധേയരാകണമെന്നു അധികൃതര്‍ നിര്‍ദേശിച്ചു കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വീസയിലെത്തുന്നവര്‍ക്ക് സൌദി താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ദമാം വിമാനത്താവളത്തില്‍ ടൂറിസ്റ്റ് വീസയിലെത്തിയ മലയാളികളുള്‍പ്പെടെയുള്ളവരെ തിരിച്ചയച്ചു.