കൊറോണ: മരണസംഖ്യ 2800 ആയി; 81,200 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ മൂലം 2800 പേര്‍ക്ക ജീവന്‍ നഷ്ടമായി. വ്യാഴാഴ്ച വരെ 81,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
യുറോപ്പിലും ഗള്‍ഫ് മേഖലയിലും അടക്കം 47 രാജ്യങ്ങളിലേക്കാണ് വൈറസ് ബാധ വ്യാപിച്ചത്. ചൈനയില്‍ രോഗം വ്യാപിക്കുന്നതില്‍ മരണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യൂറോപ്പിലും പശ്ചിമ, മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലും രോഗബാധ കൂടിയത് ആശങ്ക കൂട്ടിയിട്ടുണ്ട്.

ജര്‍മ്മനിയിലും യു.എസിലും വൈറസ് ബാധിതരുമായി സമ്പര്‍ക്കം നടത്താതവര്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഈ രാജ്യങ്ങള്‍ നീങ്ങുന്നത്. എവിടെ നിന്നാണ് വൈറസ് പുറപ്പെടുന്നതെന്ന് അറിയാന്‍ കഴിയാത്തതാണ് മുഖ്യപ്രതിസന്ധി. പല വഴികളിലൂടെയും വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.

യൂറോപ്പില്‍ ഒമ്പതിലധികം രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഡെന്മാര്‍ക്ക്, എസ്‌തോണിയ, നോര്‍വേ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും ആദ്യ വൈറസ് ബാധ കണ്ടെത്തി. ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കനത്ത ജാഗ്രതയിലാണ്. “ഒരു വലിയ പ്രതിസന്ധിയ്ക്ക് മുന്നിലാണ് നമ്മള്‍. വലിയൊരു മഹാമാരി വരുന്നു. എന്തുവിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ട്” എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യാഴാഴ്ച പറഞ്ഞത്.

വൈറസ് ബാധിതര്‍ കൂടിയതോടെ സ്‌കൂളുകള്‍ ഒരു മാസത്തേക്ക് അടയ്ക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊ ഉത്തരവിട്ടു. ചൈനയ്ക്കു പുറത്ത് ദേശവ്യാപകമായി സ്‌കൂളുകള്‍ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. രാജ്യത്ത് 186 പേര്‍ക്കാണ് വൈറസ് ബാധ. നാലുപേര്‍ മരിച്ചു.