സര്‍വ്വവും ചുട്ടെരിക്കാന്‍ സൗരക്കാറ്റ്,തയ്യാറെടുപ്പിന് 15 മിനിറ്റ് മാത്രം

വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൗരക്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഏതു നിമിഷവും ആഞ്ഞ് വീശാന്‍ സാധ്യതയുള്ള ഈ വിപത്തിനെതിരെ തയാറെടുക്കാന്‍ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വെറും 15 മിനിറ്റ് മാത്രമാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സര്‍വ്വവും ചുട്ടെരിക്കുന്ന സൂര്യ ജ്വലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 19 മണിക്കൂര്‍ മുന്‍പ് വരെ ലഭിച്ചേക്കാം. എന്നാല്‍ ഇത് എത്രത്തോളം ശക്തമാണെന്നോ എപ്പോഴാണ് സംഭവിക്കുകയെന്നോ അറിയാനാകില്ല. ഭൂമിയില്‍ ഏത് പ്രദേശത്തെയാണ് ബാധിക്കുകയെന്ന്് മുന്‍കൂട്ടി അറിയാനാകാത്തതും വന്‍ വിനാശത്തിന് വഴിയൊരുക്കും.

സൂര്യനില്‍ നടക്കുന്ന കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) എന്ന പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്.സൂര്യനില്‍ നിന്നും ബഹിരാകാശത്തിലേക്ക് പുറംതള്ളുന്ന സൂര്യവാതങ്ങളുടെയും , പ്ലാസ്മയുടേയും കാന്തിക ക്ഷേത്രങ്ങളുടേയും വലിയ കൂട്ടമാണിത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ളവയാണിവ. കൊറോണല്‍ മാസ് ഇജക്ഷന്റെ ഫലമായി വലിയ അളവില്‍ ദ്രവ്യവും, വിദ്യുത്കാന്തിക തരംഗങ്ങളും ഗ്രഹങ്ങളിലേക്ക് പതിയ്ക്കും. ഭൂമിയിലെ റേഡിയോ തരംഗങ്ങളും ഊര്‍ജ്ജസംവിധാനങ്ങളുമെല്ലാം തകരാറിലാക്കാന്‍ സൗരക്കാറ്റിന് സാധിക്കും.

സാധാരണ നിലയില്‍ സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സൂര്യ ജ്വലനം സഞ്ചരിക്കുക. സൂര്യനില്‍ നിന്നു ഭൂമിയിലേക്ക് 14 മണിക്കൂറു കൊണ്ട് ഈ ദുരന്തം പാഞ്ഞെത്തും. ഭൂമിയുടെ പലമടങ്ങ് വലിപ്പത്തിലാണ് സൂര്യ ജ്വലനം സംഭവിക്കുകയെന്നതും ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു. വലിയ സൂര്യ ജ്വലനങ്ങള്‍ക്ക് ഭൂമിയില്‍ 1,00,000 കോടി ഡോളറിന്റെ നാശ നഷ്ടങ്ങള്‍ വരുത്താനാകും. ഇത് പൂര്‍വ്വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരികയും ചെയ്യും. അടുത്ത ഒരു ദശാബ്ദത്തിനിടെ ഇങ്ങനെയൊരു സൂര്യ ജ്വലനം ഭൂമിയിലെത്താനുള്ള സാധ്യത പത്ത് ശതമാനമാണ്. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറിന്റെ നാശം വരുത്തുന്ന സൂര്യ ജ്വലനം സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

1859ലാണ് അവസാനമായി സൂര്യജ്വലനം സംഭവിച്ചത്. അടുത്ത ജ്വലനത്തിനുള്ള സമയം അടുത്തെത്തിയെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള മുന്നറിയിപ്പ്. ഒന്നര നൂറ്റാണ്ടിനപ്പുറം ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ ഏറെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ സൂര്യനും ഭൂമിക്കുമിടയില്‍ കാന്തിക ഡിഫ്‌ലക്ടര്‍ സ്ഥാപിക്കുകയാണ് സൗരകാറ്റിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം. പക്ഷെ അത് അത്ര എളുപ്പത്തില്‍ സാധ്യമാവില്ല.