കൊറോണ: ചൈനയില്‍ മരണസംഖ്യ 56 ആയി, രണ്ടായിരത്തോളം പേര്‍ക്ക് രോഗബാധ; ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 56 ആയി ഉയര്‍ന്നു. ഹ്യൂബായ് പ്രവിശ്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. 323 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1985 ആയി. സാര്‍സ് (SARS) രോഗത്തോട് സാദൃശ്യമുള്ള കൊറോണ വൈറസ് ബാധയുടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിച്ചു.

ബെയ്ജിങ്, ഷാങ്ഹായ് എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുപ്പതോളം ചൈനീസ് പ്രവിശ്യകളിലും മുന്‍സിപ്പാലിറ്റികളിലും സ്വയം ഭരണപ്രദേശങ്ങളിലും 1757 കേസുകള്‍ സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍സിഎച്ച്) റിപ്പോര്‍ട്ട് ചെയ്തു. 2684 പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായും 324 പേര്‍ക്ക് രോഗാവസ്ഥ ഗുരുതരമായതായും എന്‍.സി.എച്ച് അറിയിച്ചു.

അടിയന്തരസാഹചര്യത്തിലല്ലാതെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനുള്ള പുതിയ യാത്രാനിര്‍ദേശം ഇന്ത്യ ശനിയാഴ്ച പുറത്തിറക്കി. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വൂഹന്‍ ഉള്‍പ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. യുഎസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.