കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി,  രോഗബാധ 2700 കടന്നു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു.

എന്നാല്‍ ഹൂബെയ്ക്ക് പുറത്ത് മരണം ഒന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.

വെെറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്നാണ് ബീജിങ്ങിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് പറയുന്നത്. തങ്ങളുടെ പൗരന്മാരെ അടിയന്തരമായി ചാര്‍ട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോണ്‍സുലേറ്റിന്റെ തീരുമാനം. അതേസമയം പടര്‍ന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വര്‍ദ്ധിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ സാര്‍സിന് സമാനമായ അവസ്ഥയാണ് ചൈന നേരിട്ടു കൊണ്ടിരിക്കുന്നത്.

Read more

.