ചൈനയിലെ ഹ്യുവാങ്ഗാങ് നഗരവും കൊറോണ ഭീതിയില്‍;പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

ചൈനയിലെ രണ്ടാമത്തെ നഗരവും കൊറോണ വൈറസ് ഭീതിയിലെന്ന് റിപ്പോര്‍ട്ട്. ഹ്യുവാങ്ഗാങ് നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തിലെ പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തിവെക്കാനും ട്രെയിന്‍, ബസ് സ്റ്റേഷനുകള്‍ അടച്ചിടാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ആളുകള്‍ കൂടുതലായി വരുന്ന സിനിമാശാലകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, സ്റ്റേഡിയങ്ങള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെയ്ക്കും. നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

വൈറസ് ബാധ ആദ്യം കണ്ടെത്തിയ വുഹാനില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഹ്യുവാങ്ഗാങ് നഗരം. ഏകദേശം 75 ലക്ഷത്തോളമാണ് ഇവിടെത്ത ജനസംഖ്യ. നേരത്തെ വുഹാനിലും സമാനരീതിയിലുള്ള നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ബെയ്ജിങിലെ പുതുവത്സരാഘോഷങ്ങളും റദ്ദാക്കി.

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത്.

Read more

നേരത്തെ അഞ്ചു തവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.