സര്‍വാധിപത്യം സ്ഥാപിക്കാനാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം; വിമര്‍ശനവുമായി ഫെയ്സ്ബുക്ക് സഹസ്ഥാപകന്‍

ഫെയ്സ്ബുക്കിനും സുക്കര്‍ബര്‍ഗിനും എതിരെ വിമര്‍ശനവുമായി ഫെയ്സ്ബുക്ക് സഹസ്ഥാപകരില്‍ ഒരാളായ ക്രിസ് ഹ്യൂസ്. “സര്‍വാധിപത്യമാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം, ഫെയ്‌സ്ബുക്കിന്റെ എതിരാളികളായ പ്ലാറ്റ്‌ഫോമുകളെ ഏറ്റെടുക്കുന്നതു വഴി അദ്ദേഹത്തിന് സമാനതകളില്ലാത്ത അധികാരമാണ് ലഭിക്കുക” ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇങ്ങിനെ പറയുന്നത്.

“ഫെയ്സ്ബുക്കിന്റെ ആത്യന്തിക ലക്ഷ്യം “”ആധിപത്യം”” സ്ഥാപിക്കല്‍ ആണെന്ന് ആദ്യകാലങ്ങളില്‍തന്നെ സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിക്ക് സ്വകാര്യമേഖലയിലും സര്‍ക്കാരുകളിലുമൊന്നും നേടിയെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള അമ്പരപ്പിക്കുന്ന സ്വാധീനമാണ് അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നീ മൂന്ന് പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ശതകോടിക്കണക്കിന് ഉപയോക്താക്കളെയാണ് ദിവസവും അദ്ദേഹം നിയന്ത്രിക്കുന്നത്”, ഹ്യൂഗ്‌സ് എഴുതുന്നു.

2007-ലാണ് ഫെയ്സ്ബുക്ക് വിട്ട ഹ്യൂഗ്‌സ് ബരാക് ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ കാമ്പയിനില്‍ ചേര്‍ന്നു. 2012ല്‍ അര ബില്യന്‍ ഡോളറിന് തന്റെ ഫെയ്സ്ബുക്ക് ഷെയറുകള്‍ അദ്ദേഹം വിറ്റിരുന്നു. “”അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമാണ് ഫെയ്സ്ബുക്കിന്റെ പ്രധാനപ്രശ്‌നം. രണ്ട് ബില്യന്‍ ജനങ്ങളുടെ സംഭാഷണങ്ങളെ നിരീക്ഷിക്കാനും, ക്രമീകരിക്കാനും, അവയെ നിയന്ത്രിക്കാനുമുള്ള സുക്കര്‍ബര്‍ഗിന്റെ അധികാരത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്””, ഹ്യൂഗ്‌സ് വ്യക്തമാക്കി.

ഇത്തരം ടെക് ഭീമന്മാരെ നിയന്ത്രിക്കുന്നതിനും സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്രം പുനഃസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ പുതിയൊരു ഏജന്‍സിയെ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.