കോവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ചെന്ന് ചൈന; പ്രഥമ പരീക്ഷണം നടത്തിയത് 108 പേരിൽ

കോവിഡ് 19 വൈറസ് വ്യാപനം ലോകത്ത് അതിവേ​ഗം തുടരുമ്പോൾ രോ​ഗപ്രതിരോധത്തിന് വികസിപ്പിച്ച വാക്സിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന. 108 പേരിൽ പ്രഥമ പരീക്ഷണം നടത്തിയെന്ന് ചൈനീസ് ​ഗവേഷകർ വ്യക്തമാക്കി.

ആദ്യ ഘട്ട പരീക്ഷണത്തിന്‍റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. വാക്സിൻ പൂർണ്ണ വിജയമെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.

ചൈനീസ് അക്കാദമി ഓഫ് എൻജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ബയോളജി പ്രൊഫസറുമായ ഷെൻ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്‌‌സിൻ വികസിപ്പിക്കുന്നത്.

മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മനുഷ്യരിലെ പരീക്ഷണം നടത്തിയത്. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആർക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരിൽ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് ഉത്ഭവം ചൈനയിൽ നിന്നാണെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണം. മിച്ചി​ഗണിൽ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കൾ ഉൾപ്പെട്ട സെമിനാറിൽ പങ്കെടുക്കവേയായിരുന്നു ട്രംപ് വീണ്ടും ചൈനക്കെതിരെ തിരിഞ്ഞത്.