ശുഭ യാത്രയ്ക്കായി യാത്രക്കാരന്‍ കാണിക്കയിട്ടത് വിമാനത്തിന്റെ എഞ്ചിനില്‍; ഒടുക്കം പൊലീസ് കസ്റ്റഡിയിലുമായി, വിമാനക്കമ്പനി 21,000 ഡോളര്‍ നഷ്ടപരിഹാവും ആവശ്യപ്പെട്ടു

സുരക്ഷിത യാത്രയ്ക്കായി യാത്രക്കാരന്‍ പ്രാര്‍ത്ഥിച്ച് കാണിക്കയിട്ടത് എവിടെയെന്ന് കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. വിമാനത്തിന്റെ എഞ്ചിനിലാണ് ഭണ്ഡാരത്തില്‍ ഇടുകയാണെന്ന് സങ്കല്‍പിച്ച് യാത്രക്കാരന്‍ കാണിക്കയിട്ടത്. ചൈനയിലെ ലക്കി എയര്‍ വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഫെബ്രുവരി 17 നാണ് സംഭവം നടന്നത്. ആന്‍ക്വിങ്ങില്‍ നിന്ന് കുന്‍മിങ്ങിലേക്ക് പുറപ്പെടാന്‍ തയ്യാറായ ലക്കി എയര്‍ 8L9960 വിമാനത്തിന്റെ എന്‍ജിനില്‍ പരിശോധനയ്ക്കിടെ ഗ്രൗണ്ട് സ്റ്റാഫാണ് നാണയം കണ്ടെത്തിയത്. ഭാര്യക്കും ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം യാത്രക്കെത്തിയ ലൂ (28) ആണ് നാണയം ഇട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

യാത്ര സുരക്ഷിതമാകാനായിട്ടാണ് കാണിക്കയായി നാണയം ഇട്ടതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ലൂവിന്റെ പ്രവൃത്തി മൂലം സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിന്റെ യാത്ര തടസ്സപ്പെടുകയും ചെയ്തിരുന്നു. വിമാനത്തില്‍ പോകാനെത്തിയ 162 യാത്രക്കാരുടെ യാത്ര മുടങ്ങിയതിനും സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനുമായി 21,000 ഡോളര്‍ നഷ്ടപരിഹാരമായി ലൂയുടെ പക്കല്‍ നിന്ന് ഈടാക്കാനാണ് ലക്കി എയറിന്റെ തീരുമാനം.