ചൈനയില്‍ കോവിഡ് കേസുകള്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പല നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. സമീപ നഗരമായ ഹോങ് കോങ്ങിലേക്ക് കോവിഡ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്. നിലവില്‍ മാര്‍ച്ച് 20 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ വന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈനീസ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളാണ് കൂടുതലായി പടരുന്നത്.

ഒമിക്രോണിന്റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചെനയുടെ നീക്കം.