യുദ്ധത്തിലൂടെയല്ല, പ്രശ്നം പരിഹരിക്കേണ്ടത് ചർച്ചയിലൂടെ; ഉത്തരകൊറിയക്ക് മറുപടിയുമായി ചൈന

ഉത്തര കൊറിയ യുദ്ധത്തിലൂടെയല്ല, പ്രശ്നം പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്. കലാപത്തിലേക്ക് ഉറക്കത്തിൽ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടേർസിന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻവിധികളില്ലാതെയുള്ള ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്ൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ടില്ലേഴ്സണിന്റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യൻ പ്രസിഡന്റ് വാൾഡിമർ പുടിൻ പറഞ്ഞു. അതേസമയം, ഉത്തര കൊറിയ സ്വഭാവം മെച്ചപ്പെടുത്തുന്നതുവരെ ഉടമ്പടികൾ വച്ചുള്ള ചർച്ച നടത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നവംബർ 29ന് ഉത്തരകൊറിയ ഏറ്റവും ശക്തിയാർന്ന ആണാവായുധം പരീക്ഷിച്ചിരുന്നു. യുഎസ് അടക്കമുള്ള പ്രദേശങ്ങൾ പരിധിയിലാകുന്ന തരത്തിലായിരുന്നു പരീക്ഷണം. ഉത്തര കൊറിയ മറ്റു രാജ്യങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പുടിനും ഡോണൾഡ് ട്രംപും മുമ്പ് ചർച്ച നടത്തിയിരുന്നു.