കൊറോണ വൈറസ്: ഒരാഴ്ച കൊണ്ട് ആയിരം കിടക്കകളുള്ള പുതിയ ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന

കൊറോണ വൈറസ് ബാധിതര്‍ക്ക് ചികിത്സ നല്‍കുന്നതിനായി ചൈനീസ് നഗരമായ വുഹാന്‍ 1,000 കിടക്കകളുള്ള ഒരു പുതിയ ആശുപത്രി അതിവേഗം പണിയുന്നു. അടുത്ത ആഴ്ച്ചയോടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്ന രീതിയിലാണ് പണികള്‍ പുരോഗമിക്കുന്നത്.

ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മ്മിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയോടെ ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ തൊഴിലാളികള്‍ ആശുപത്രി നിര്‍മ്മാണം തുടങ്ങി. 2003- ല്‍ ചൈനയിലുണ്ടായ സാര്‍സ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മ്മിച്ചത്. കൊറോണ വൈറസ് ബാധിച്ച് 25 പേരാണ് ചൈനയില്‍ മരിച്ചത്. 830 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.