ജസ്റ്റിൻ ട്രൂഡോയെ വീണ്ടും അധികാരത്തിൽ എത്തിച്ച് കാനഡ

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വീണ്ടും അധികാരത്തിൽ എത്തിച്ച് കാനഡ. എന്നാൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുമായുള്ള മത്സരത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് വലിയ ഭൂരിപക്ഷം നേടാനായില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതിനാൽ തന്നെ സർക്കാർ രൂപീകരിച്ചാലും ട്രൂ‍ഡോയ്ക്കു മറ്റു പാർട്ടികളുമായി സഹകരിക്കേണ്ടി വരും എന്നാണ് സൂചന.

കോവിഡ് വ്യാപനത്തെ തുടർന്ന് മങ്ങിയ സർക്കാരിന്റെ പ്രതിച്ഛാ​യ വീ​ണ്ടെ​ടു​ക്കാ​മെ​ന്ന പ്രതീക്ഷയോ​ടെ ജ​സ്​​റ്റി​ൻ ട്രൂ​ഡോ തിരഞ്ഞെടുപ്പ്​ നേരത്തേയാക്കുകയായിരുന്നു. എന്നാൽ കോവിഡ് നാലാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ട്രൂഡോയുടെ നടപടി വിമർശനത്തിന് ഇടയാക്കിയിരുന്നു.

“നന്ദി, കാനഡ – നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിന്, ലിബറൽ ടീമിൽ നിങ്ങളുടെ വിശ്വാസം അർപ്പിച്ചതിന്, ശോഭനമായ ഭാവി തിരഞ്ഞെടുത്തതിന്. കോവിഡിനെതിരായ പോരാട്ടം ഞങ്ങൾ അവസാനിപ്പിക്കും. എല്ലാവർക്കും വേണ്ടി, നമ്മൾ കാനഡയെ മുന്നോട്ട് നയിക്കാൻ പോവുകയാണ്. ” ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു.