വനത്തിനുള്ളിലെ ഏറുമാടത്തില്‍ സുഖജീവിതം നയിച്ചു വന്ന കള്ളനെ വലയിലാക്കി പൊലീസ്!

വനത്തിനുള്ളിലെ ഏറുമാടത്തില്‍ ഒളിച്ചു കഴിഞ്ഞ കള്ളനെ പൊക്കി പോലീസ്. അമേരിക്കയിലെ പൊമോണയിലാണ് സംഭവം. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടിയ ഏറുമാടത്തിലായിരുന്നു കള്ളന്റെ താമസം. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വനമേഖലയില്‍ അനധികൃതമായി ഏറുമാടമുണ്ടാക്കി ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞെത്തിയതായിരുന്നു പൊമോണ പൊലീസ്. ഏറുമാടം എവിടെയാണെന്ന് കണ്ടെത്താന്‍ ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ട്രാക്കിംഗ് സംവിധാനങ്ങള്‍ പൊലീസ് ഉപയോഗിച്ചു. ഏപ്രില്‍ 18 ന് നടന്ന ഒരു മോഷണക്കേസ് പ്രതിയാണ് മാര്‍ക്കെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

നല്ല ഉയരമുള്ള മരത്തിന് മുകളിലാണ് ഏറുമാടം പണിതിരുന്നത്. ഏറുമാടത്തിനുള്ളില്‍ നിന്നും നല്ല ദൂരക്കാഴ്ച ലഭിക്കും. പലതവണ പറഞ്ഞിട്ടാണ് മാര്‍ക്ക് താഴേക്കിറങ്ങാന്‍ കൂട്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

Read more

താഴെയിറങ്ങിയ ഉടനെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വനമേഖലയില്‍ അനുവാദം കൂടാതെ പ്രവേശിക്കാന്‍ സാധ്യമല്ല. ഏറുമാടത്തിന്റെ ചിത്രങ്ങള്‍ സഹിതം പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.