ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കിനി തടസ്സമില്ല; അയര്‍ലന്റ് അതിര്‍ത്തി തുറക്കും

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തടസമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമിടയിലുണ്ടായിരുന്ന പ്രധാന തര്‍ക്കവിഷയങ്ങളിലെല്ലാം ധാരണയായി. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണം, നഷ്ടപരിഹാരത്തുക, പൗരാവകാശം, യൂറോപ്യന്‍ കോടതിയുടെ അധികാരം എന്നീ വിഷയങ്ങളിലാണ് ഇരുകൂട്ടരും ഇന്നലെ ധാരണയിലെത്തി ഉടമ്പടിയായത്. ഇതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കും.

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൌഡ് ജങ്കറും തമ്മില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് നാളുകളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കു വിരാമമായത്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഉടമ്പടി അയര്‍ലന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി)അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ പാതിവഴിയിലാക്കി തെരേസ മേയ് ബ്രിട്ടനിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഡിയുപി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തിയ മേയ് തിരിച്ചെത്തി യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തുകയായിരുന്നു.

പുതിയ ഉടമ്പടി പ്രകാരം അയര്‍ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും ഇടയില്‍ അതിശക്തമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നിലപാടുകള്‍ അതേപടി സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബ്രെക്‌സിറ്റ് നടപ്പിലാകുന്ന 2019 മാര്‍ച്ച് 19 വരെ ബ്രിട്ടനിലെത്തുന്ന എല്ലാ യൂറോപ്യന്‍ പൗരന്മാര്‍ക്കും തിരിച്ചു ബ്രിട്ടിഷ് പൗരന്മാര്‍ക്കും ഈ അവകാശ സംരക്ഷണം ഉറപ്പാക്കും.നിലവിലുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയതോടെ ഇപ്പോള്‍ ബ്രിട്ടനിലുള്ള ഒരു യൂറോപ്യന്‍ പൗരനും തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകില്ല. ഈ തീരുമാനങ്ങള്‍ അടുത്തയാഴ്ച ചേരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കും.