ലോകം ഏറ്റുപാടിയ ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍

Gambinos Ad
ript>

ലോകപ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലി അനശ്വരമാക്കിയ റെഗ്ഗെ സംഗീതത്തെ യുനെസ്‌കോ ആഗോള സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകം മുഴുവനുള്ളവരുടെ ശബ്ദമെന്നാണ് റെഗ്ഗെയെ യുനെസ്‌കോ വിശേഷിപ്പിച്ചത്. അറുപതുകളില്‍ ലോകത്തിന്റെ താളമായ റെഗ്ഗെ സംഗീതത്തെ ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്‌കോ അംഗീകരിച്ചത്.

Gambinos Ad

റെഗ്ഗെ സംഗീതത്തിലൂടെ ആരാധക വൃന്ദത്തെ സൃഷ്ടിച്ച മാര്‍ലിയെ അറിവില്ലായ്മ കൊണ്ട് കഞ്ചാവ് പ്രചാരകന്‍ മാത്രമാക്കി ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ ബോബ് മാര്‍ലിയാണ് 1960കളില്‍ രൂപം കൊണ്ട റെഗ്ഗെ സംഗീതത്തെ ലോകത്തിന്റെ താളമാക്കിയത്. വര്‍ണ വിവേചനത്തിനെതിരെയുള്ള പോരാട്ടമാണ് ബോബ് മാര്‍ലി റെഗ്ഗെ സംഗീതത്തിലൂടെ നടത്തിയത്. ജമൈക്കയിലെ ഒരു ജനത അനുഭവിച്ചു കൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേര്‍ക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് മാര്‍ലിയുടെ സംഗീതം. പ്രതിഷേധ സ്വരങ്ങള്‍ മുദ്രാവാക്യങ്ങളിലൂടെ മാത്രമല്ല സംഗീതത്തിലൂടെയും പ്രകടിപ്പിക്കാം എന്ന് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു മാര്‍ലി.

സാമൂഹികരാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ദര്‍ശനവും ആത്മീയതയും  ഉള്‍പ്പെട്ട താളമാണ് റെഗ്ഗെ. അനീതി, പ്രതിരോധം, സ്‌നേഹം, മാനവികത എന്നീ വിഷയങ്ങള്‍ അന്താരാഷ്ട്ര സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയതില്‍ റെഗ്ഗെ സംഗീതത്തിന് പങ്കുണ്ടെന്നും പ്രഖ്യാപനവേളയില്‍ യുനെസ്‌കോ പറഞ്ഞു.

കറുത്തവര്‍ഗക്കാരിയായ അമ്മയ്ക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ് മാര്‍ലി എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിരുന്നു. തന്നെ ഒരു കറുത്ത ആഫ്രിക്കന്‍ വംശജനായി കണ്ടാല്‍ മതിയെന്ന് അദ്ദേഹം തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുമായിരുന്നു. ക്രിസ്തുമതമുപേക്ഷിച്ച് റസ്തഫാരിയന്‍ മതം സ്വീകരിച്ചയാളാണ് മാര്‍ലി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.