'നോ ജസ്റ്റിസ് നോ പീസ്'; അമേരിക്കയിലെ വംശീയ കൊലപാതകത്തിന് എതിരെ നടന്ന പ്രതിഷേധ റാലിയില്‍ മുട്ടുകുത്തിയിരുന്ന് പ്രതിഷേധിച്ച് ജസ്റ്റിന്‍ ട്രൂഡോ

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാനഡയില്‍ നടന്ന വംശീയതയ്‌ക്കെതിരായ റാലിയില്‍  പ്രതിഷേധക്കാരുടെ നടുവില്‍ മുട്ടിലിരുന്ന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രധാനമന്ത്രിയുടെ ഈ നടപടിയ്ക്ക്  വ്യാപകമായി പ്രശംസയാണ് ലഭിക്കുകയാണ് ഇപ്പോൾ.

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ അമേരിക്കയുടെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. വര്‍ണവിവേചനം അവസാനിപ്പിക്കണമെന്നും ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. ഇതിന്റെ ഭാഗമായാണ് കാനഡ പാര്‍ലമെന്റിന് സമീപത്തെ യുഎസ് എംബസിക്ക് മുന്നില്‍ വംശീയതക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.

no justice=no peace എന്ന പേരില്‍ സംഘടിപ്പിച്ച റാലിയിലേക്ക് കറുത്ത മാസ്‌ക് ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അപ്രതീക്ഷിതമായാണ് ട്രൂഡോ എത്തിയത്. ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ മൂന്ന് തവണയോളം ട്രൂഡോ നിലത്ത് മുട്ടു കുത്തിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും ട്രൂഡോ പ്രസംഗിച്ചില്ല. ട്രൂഡോയുടെ ഈ പ്രവൃത്തിയെ നിരവധി പേരാണ് പ്രശംസിച്ചത്.

ടൊറന്റോയിലുള്‍പ്പെടെ കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിനിടെ ഫ്‌ളോയിഡിന്റെ മരണത്തില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ ഇപ്പോഴും തുടരുകയാണ്.