മിനിയാപൊളിസ് പ്രതിഷേധം; കറുത്ത വർഗ്ഗക്കാരനായ ‌റിപ്പോർ‌ട്ടറെ അറസ്റ്റ് ചെയ്‌ത് പൊലീസ്

വെള്ളിയാഴ്ച രാവിലെ മിനിയാപൊളിസിലെ പ്രതിഷേധം തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്ന സിഎൻഎൻ ലേഖകനും കറുത്ത വർഗ്ഗക്കാരനുമായ ഒമർ ജിമെനെസിനെയും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന, മറ്റ് രണ്ട് ജീവനക്കാരെയും മിനസോട്ട സ്റ്റേറ്റ് പട്രോളിംഗ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്നുള്ള പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന ജിമെനെസിനെ വിലങ്ങണിയിച്ച് പ്രാദേശിക സമയം പുലർച്ചെ 5 മണിക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഉദ്യോഗസ്ഥർ പറയുന്നിടത്തേക്ക് പോകാമെന്ന് മാന്യമായി പറഞ്ഞിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. സിഎൻഎന്റെ ഒരു നിർമ്മാതാവിനെയും ക്യാമറ ഓപ്പറേറ്ററെയും കസ്റ്റഡിയിലെടുത്തു. ക്യാമറ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നെങ്കിലും പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ ഈ സമയങ്ങളിൽ എല്ലാം പ്രക്ഷേപണം തുടരുന്നുണ്ടായിരുന്നു.

രണ്ട് മണിക്കൂറിനുശേഷം ഇവരെ വിട്ടയച്ചു.

തെരുവ് ഒഴിഞ്ഞു പോകാനുള്ള ഉത്തരവുകൾ പാലിക്കാത്തതിനാലാണ് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്.

നഗരത്തിലെ മറ്റൊരിടത്ത് പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്ന ജിമെനെസിന്റെ സഹപ്രവർത്തകൻ ജോഷ് കാമ്പ്‌ബെൽ അതേസമയം അറസ്റ്റിലായില്ല.

തന്റെ അനുഭവം “ഒമർ ജിമെനെസ് ഇപ്പോൾ അനുഭവിച്ചതിന് വിപരീതമാണ്” എന്ന് ജോഷ് കാമ്പ്‌ബെൽ പറഞ്ഞു. അതിനു കാരണം താൻ വെളുത്തവനും ഒമർ ജിമെനെസ് കറുത്തവനും ആയതിനാലാവാം എന്ന് ജോഷ് കാമ്പ്‌ബെൽ പറഞ്ഞു.

തിങ്കളാഴ്ച മിനിയാപൊളിസിൽ കറുത്ത വർഗ്ഗക്കരനായ ജോർജ്ജ് ഫ്ലോയിഡ് പൊലീസ് ക്രൂരതയെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെങ്കിലും ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ല.

ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നയാളാണു ജോർജ്ജ് ഫ്ലോയിഡ്. സ്ഥലത്തെ പലചരക്കുകടയിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ജോര്‍ജിനെ തെറ്റിദ്ധരിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ പൊലീസ് നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നി നിന്നു ശ്വാസം മുട്ടിക്കുകയായിരുന്നു. വേദനയെടുക്കുന്നെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോര്‍ജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷര്‍ട്ടഴിച്ചു വിലങ്ങണിയിച്ചും നിലത്തു കിടത്തിയിരുന്ന ആളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചലനമറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു.